Advertisement

നയപ്രഖ്യാപനം ; വിയോജിപ്പില്‍ ആശ്വസിച്ച് ഗവര്‍ണര്‍, മുട്ട് കുത്തിച്ചത് നേട്ടമാക്കി സര്‍ക്കാര്‍, രഹസ്യധാരണയെന്ന് പ്രതിപക്ഷം

January 29, 2020
Google News 2 minutes Read

മൂന്നുകൂട്ടര്‍ക്കും ഒരുപോലെ വിജയം അവകാശപ്പെടാവുന്ന സംഭവവികാസങ്ങള്‍ക്കാണ് ഇന്ന്
നിയമസഭ സാക്ഷ്യം വഹിച്ചത്. വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആശ്വസിക്കുമ്പോള്‍, പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭാഗം വായിച്ചത് സര്‍ക്കാരിന് നേട്ടമായി. പ്രതിഷേധം ശക്തമാക്കി ഗവര്‍ണറേയും സര്‍ക്കാരിനേയും ഒരുപോലെ പ്രതിരോധത്തിലാക്കിയെന്നത് പ്രതിപക്ഷത്തിനും ആവേശമായി.

നയപ്രഖ്യാപനത്തിലെ വിയോജിപ്പുള്ള ഭാഗങ്ങള്‍ വായിക്കാതെ വിടാനായിരുന്നു ഗവര്‍ണറുടെ തീരുമാനം. എന്നാല്‍ നയപ്രഖ്യാപനം അതേപടി വായിക്കണമെന്നാവശ്യപ്പെട്ട് രാവിലെ മുഖ്യമന്ത്രി നല്‍കിയ കത്താണ് വഴിത്തിരിവായത്. മുഖ്യമന്ത്രിയുടെ ആവശ്യം മാനിച്ചപ്പോഴും ഉളളടക്കത്തിലെ വിയോജിപ്പ് ഗവര്‍ണര്‍ക്ക് സഭയില്‍ രേഖപ്പെടുത്താനായി. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമായി ഗവര്‍ണറുടെ വാക്കുകള്‍.

ഈ സാഹചര്യത്തിലാണ് നയപ്രഖ്യാപനപ്രസംഗത്തിനു പുറത്തുള്ള പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകാന്‍പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് കത്തുനല്‍കിയത്. അവസാനനിമിഷത്തെ ഇടപെടല്‍ വിവാദഭാഗങ്ങള്‍ വായിക്കാന്‍ ഗവര്‍ണറെ നിര്‍ബന്ധിതനാക്കിയത് മുഖ്യമന്ത്രിയുടെ നേട്ടമായി ഭരണപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. ഗവര്‍ണര്‍ നിലപാട് മാറ്റിയില്ലെങ്കിലും, സര്‍ക്കാരിന്റെ അഭിപ്രായം സഭയില്‍ വായിച്ചത് നേട്ടമായി തന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.

യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കില്ലെന്ന പ്രഖ്യാപനത്തിന്റെ പേരില്‍ പഴികേട്ടിരുന്ന പ്രതിപക്ഷത്തിന് ഗവര്‍ണറെ തടഞ്ഞുള്ള പ്രതിഷേധം നല്‍കുന്ന ഊര്‍ജം ചെറുതല്ല. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ പ്രമേയം വരാനിരിക്കെ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി കളം നിറയാനാവും യുഡിഎഫ് നീക്കം.

 

Story Highlights- kerala legislative assembly, declaration of policy, governor,government, opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here