ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ

ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ. മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട് സസ്‌പെൻഷനിലായിരുന്നു ശ്രീറാം. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. ഇതുവരെ പൊലീസ് കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ.
ശ്രീരാമിന്റെ സസ്‌പെൻഷൻ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഇത് ചൂണ്ടിക്കാട്ടി തിരിച്ചെടുക്കാൻ ശുപാർശ നൽകിയിരിക്കുന്നത്. സർക്കാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ വരാനിരിക്കെയാണ് ഈ നടപടി.
കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിനാണ് ശ്രീറാം സഞ്ചരിച്ച കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ കെഎം ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാം തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസും വെളിപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് വിശദീകരണത്തിൽ ശ്രീറാമിന്റേത്. സർവേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സർക്കാർ സർവീസിൽ നിന്ന് അന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിൽ ചട്ടപ്രകാരം സസ്‌പെൻഷൻ റദ്ദാക്കാൻ സാധിക്കുമായിരുന്നില്ല.
അപകടം നടക്കുമ്പോൾ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നൽകിയ വിശദീകരണം. ആ സമയത്ത് മദ്യപിച്ചിരുന്നുവെന്ന ആരോപണം നിഷേധിക്കുന്ന ശ്രീറാം മനഃപൂർവ്വമല്ലാത്ത അപകടമാണുണ്ടായതെന്നും പറയുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ തന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്ന് സമിതിക്ക് നൽകിയ വിശദീകരണത്തിൽ ശ്രീറാം വെങ്കിട്ടരാമൻ വ്യക്തമാക്കിയിരുന്നു.
sriram venkittaraman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here