ബെഞ്ചിൽ ഇരിക്കുന്നവരെ കളിപ്പിക്കുമെന്ന് കോലി; സഞ്ജുവിനു പ്രതീക്ഷ

ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ വരും മത്സരങ്ങളിൽ ബെഞ്ചിലിരിക്കുന്നവരെ കളിപ്പിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി. മത്സരത്തിനു ശേഷമുള്ള പ്രസൻ്റേഷൻ സെറിമണിയിലാണ് കോലി ഇക്കാര്യം അറിയിച്ചത്. ഇതോടെ, പരമ്പരയിൽ ഇതുവരെ ഇറങ്ങാതിരുന്ന മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ പ്രതീക്ഷയിലാണ്.

“5-0നു ജയിക്കാൻ ശ്രമിക്കും. വാഷിംഗ്ടൺ സുന്ദർ, നവദീപ് സെയ്നി തുടങ്ങിയ താരങ്ങൾ പുറത്തിരിക്കുകയാണ്. അവർ ഒരു മത്സരമെങ്കിലും അർഹിക്കുന്നുണ്ട്”- കോലി പറഞ്ഞു.

അതേ സമയം, ടീമിൽ സമൂലമാറ്റം വരുത്താനുള്ള സാധ്യതയില്ല. ശർദ്ദുൽ താക്കൂറിനു പകരം നവദീപ് സെയ്നി ടീമിൽ ഉൾപ്പെടാൻ നല്ല സാധ്യതയുണ്ട്. വാഷിംഗ്‌ടൺ സുന്ദറിനും അവസരം ലഭിച്ചേക്കും. ശിവം ദുബേ സുന്ദറിനായി വഴി മാറേണ്ടി വരും. ബാക്കിയുള്ളത് ഋഷഭ് പന്തും സഞ്ജു സാംസണുമാണ്. ഋഷഭ് പന്തും ടീമിൽ ഇടം നേടിയേക്കും. മനീഷ് പാണ്ഡെയാവും പുറത്തിരിക്കുക. പന്തിനെ മറികടന്ന് സഞ്ജു കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഒപ്പം, ആദ്യ മൂന്ന് നമ്പറുകളിൽ ആർക്കും വിശ്രമം നൽകാൻ സാധ്യത ഇല്ലാത്തതു കൊണ്ട് തന്നെ സഞ്ജു ടീമിലിടം നേടിയേക്കില്ല.

സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: Sanju Samson, Virat Kohli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More