ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഷഫാലി വർമ്മയെന്ന 16കാരി നൽകുന്ന ഡയമൻഷൻ

വനിതാ ക്രിക്കറ്റിന് വാർത്താപ്രാധാന്യം ലഭിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായില്ല. പ്രത്യേകിച്ചും ഇന്ത്യൻ വനിതാ ക്രിക്കറ്റ് കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ 2017 ലോകകപ്പ് മുതലാണ് ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ചർച്ചകളിൽ ഉൾപ്പെട്ടു തുടങ്ങിയത്. ലോകകപ്പ് ഫൈനലിൽ ഇന്ത്യ കളിക്കുകയും ക്യാപ്റ്റൻ മിതാലി രാജ് പുസ്തകം വായിച്ചു കൊണ്ടിരുന്ന ഒരു ഐക്കോണിക് ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഇന്ത്യയിൽ വനിതാ ക്രിക്കറ്റിന് ആരാധകർ അധികരിച്ചത്.
അതിനു ശേഷം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ബിസിസിഐ മുൻകയ്യെടുത്ത് വനിതാ ക്രിക്കറ്റിനു വേണ്ടി നടത്തുന്ന ചില പ്രവർത്തനങ്ങളുണ്ട്. ഐപിഎല്ലിനോടനുബന്ധിച്ച് വിമൻ ഐപിഎൽ നടത്താൻ ആരംഭിച്ചു എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ നടപടി. 2018ൽ രണ്ട് ടീമുകളുമായി ആരംഭിച്ച വനിതാ ഐപിഎൽ കഴിഞ്ഞ വർഷം മൂന്ന് ടീമായി അധികരിച്ചു. ഈ വർഷം അത് നാലാകുമെന്ന് ബിസിസിഐ അറിയിക്കുകയും ചെയ്തു. വനിതാ ഐപിഎല്ലിനെപ്പറ്റി പറയുമ്പോൾ വിസ്മരിക്കാനാവാത്ത താരമാണ് ഷഫാലി വർമ്മ.
കഴിഞ്ഞ വർഷത്തെ ടി-20 ചലഞ്ചിലാണ് ഷഫാലി വർമ്മയെന്ന പേര് ആദ്യമായി കേൾക്കുന്നത്. അധികം റൺസൊന്നും സ്വന്തം പേരിലില്ലെങ്കിലും ഫീൽഡിൽ ഷെഫലിയുടെ ആറ്റിറ്റ്യൂഡ് വളരെ മികച്ചതാണെന്ന് അന്ന് ശ്രദ്ധിച്ചിരുന്നു. ഫിയർലെസ് ക്രിക്കറ്റർ. ഫൈനലിൽ ന്യൂസിലൻഡിൻ്റെ ലോകോത്തര പേസർ ലീ തഹുഹുവിനെതിരെ ഷെഫലി അടിച്ച തുടർച്ചയായ രണ്ട് ബൗണ്ടറികൾ ആ വിശേഷണത്തിന് അടിത്തറയിട്ടു. ക്ലീൻ ഹിറ്ററാണ്. ഔട്ടായ ഷോട്ട് പോലും കൃത്യമായ ടൈമിങ്ങായിരുന്നു. പ്ലേസ്മൻ്റ് മാത്രമാണ് തെറ്റിയത്. 15 വയസ്സുള്ള ഒരു കൊച്ചു പെണ്ണ് അന്താരാഷ്ട്ര തലത്തിൽ ഏറെ അനുഭവ സമ്പത്തുള്ള ബൗളർമാരെ കൈകാര്യം ചെയ്ത രീതിയിലാണ് ഷെഫലിയുടെ സവിശേഷത ശ്രദ്ധിച്ചത്.
ശേഷം വനിതാ സീനിയർ ചലഞ്ചർ ട്രോഫിയിൽ ഷഫാലി വീണ്ടും ഞെട്ടിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് 47.25 ശരാശരിയിൽ 189 റൺസെടുത്ത ഷഫാലിയായിരുന്നു ചലഞ്ചർ ട്രോഫിയിലെ ടോപ്പ് സ്കോറർ. 159 ആണ് ടൂർണമെൻ്റിൽ ഈ കൗമാര താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്. ‘ഇന്ത്യ സി’യുടെ താരമായിരുന്ന ഷഫാലി ഫൈനലിൽ ‘ഇന്ത്യ ബി’ക്കെതിരെ 48 പന്തുകളിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന് ടീമിനെ വിജയിപ്പിച്ചിരുന്നു.
പറഞ്ഞു വെച്ചതു പോലെ ആറ്റിറ്റ്യൂഡാണ് ഷഫലിയെ മറ്റു വനിതാ ക്രിക്കറ്റർമാരിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്. ഇത്ര ശക്തിയായി പന്തിനെ പ്രഹരിക്കുന്ന മറ്റ് വനിതാ ക്രിക്കറ്റർമാർ ഇന്ത്യയിലെന്നല്ല, മറ്റ് ടീമുകളിൽ പോലും ഇല്ല. ഹർമൻപ്രീത് കൗർ പോലെ ചുരുക്കം ചിലരെ എടുത്ത് കാണിക്കാമെങ്കിലും ഷഫാലി അവരെക്കാൾ ഉയരത്തിലാണെന്നാണ് എൻ്റെ വിലയിരുത്തൽ. 16 വയസ്സിൻ്റെ ചെറുപ്പത്തിൽ ഷഫാലിയുടെ കരുത്ത് അതിശയിപ്പിക്കുന്നതാണ്. ബുള്ളറ്റ് ബൗണ്ടറികളും അനായാസമായ സിക്സറുകളും ഷഫാലിക്ക് സവിശേഷമായ ഒരു പരിവേഷം നൽകുന്നു.
സ്മൃതി മന്ദനയുടെ കടന്നു വരവ് ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഉണർവായിരുന്നു. തുടർച്ചയായി ബൗണ്ടറികളടിച്ച് സ്കോർ ഉയർത്താൻ ശേഷിയുള്ള താരമെന്ന നിലയിൽ മന്ദന ഇന്ത്യൻ ടീം തേടിക്കൊണ്ടിരിക്കുന്ന താരമായിരുന്നു. പക്ഷേ, മന്ദനയുടെ കളി പവറിലല്ല, പ്ലേസ്മൻ്റിലാണ്. സിക്സറുകൾ ആഡ് ബോർഡിനപ്പുറം പോകുന്നത് അപൂർവതയായിരുന്നു. മന്ദന എന്നല്ല, ഹർമനെ മാറ്റി നിർത്തിയാൽ മിതാലി രാജ് അടക്കമുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റർമാരുടെ ശൈലി അത് തന്നെയാണ്. അവിടേക്കാണ് കരുത്തിൻ്റെ പ്രതീകമായി ഷഫാലി എത്തുന്നത്. കരുത്തു കൊണ്ട് ഫീൽഡർമാരെ മറികടക്കുന്ന ഗ്രൗണ്ട് ഷോട്ടുകൾ. ആഡ് ബോർഡിനപ്പുറം കൂടിയിരിക്കുന്ന ജനക്കൂട്ടത്തിലേക്ക് പതിക്കുന്ന ലോഫ്റ്റഡ് ഷോട്ടുകൾ. ഷഫാലി വർമ്മ ഇന്ത്യൻ വനിതാ ക്രിക്കറ്റിനു നൽകുന്ന പുതിയ ഡയമൻഷനുകൾ ഇവയൊക്കെയാണ്.
Story Highlights: Shafali Verma, Womens Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here