കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്. സുരക്ഷയുടെ ഭാഗമായാണ് നീക്കം.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണ ബാധയേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെയാണ് പെൺകുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പെൺകുട്ടിക്ക് മേലുള്ള നിരീക്ഷണം തുടരും. അതേസമയം, കൊറോണ ബാധയേറ്റ വിദ്യാർത്ഥിനി യാത്രയിലും മറ്റും ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ടവർക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷിക്കും. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 15 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 24 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 15 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.
story highlights- corona virus, thrissur medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here