അണ്ടർ-19 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ സ്വപ്ന സെമി; ബംഗ്ലാദേശും സെമിയിൽ

അണ്ടർ-19 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. ഫെബ്രുവരി നാലിനു നടക്കുന്ന ആദ്യ സെമിഫൈനലിലാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്. ടൂർണമെൻ്റിലുടനീളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടീമുകൾ കാഴ്ച വെച്ച ആധിപത്യത്തിൻ്റെ ഉദാഹരണമായി ബംഗ്ലാദേശും സെമിയിൽ എത്തിയിട്ടുണ്ട്. ആറിനു ന്യൂസിലൻഡിനെതിരെയാണ് ബംഗ്ലാദേശ് കളിക്കുക.
ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. 74 റൺസിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 43.3 ഓവറിൽ 159 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കാർത്തിക് ത്യാഗി നാലും ആകാശ് സിംഗ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ഇന്നലെ മറ്റൊരു ഏഷ്യൻ ടീമായ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചാണ് പാകിസ്താൻ സെമി ഉറപ്പിച്ചത്. അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിനാണ് പാകിസ്ഥാൻ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 189 റൺസ് മാത്രമെടുത്ത് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ പാകിസ്താൻ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
വരുന്ന രാജ്യാന്തര ക്രിക്കറ്റ് ലോകത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടീമുകൾ അധിപത്യം ഉറപ്പിക്കുമെന്ന സൂചനയാണ് ഈ അണ്ടർ-19 ലോകകപ്പ് നൽകുന്നത്. സെമിയിൽ ഉൾപ്പെട്ട മൂന്നു ടീമുകൾ ഉൾപ്പെടെ ക്വാർട്ടറിൽ അഫ്ഗാനിസ്ഥാനും കളിച്ചിരുന്നു. മികച്ച ഒട്ടേറെ താരങ്ങളാണ് ഈ രാജ്യങ്ങളിൽ നിന്നൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് കടുത്ത ഭീഷണി ഉയർത്താൻ കഴിവുള്ള ടീമുകളാണ് പാകിസ്താനും ബംഗ്ലാദേശും. അഫ്ഗാനിസ്താനാവട്ടെ, സ്പിൻ ഡിപ്പാർട്ട്മെൻ്റ് റാഷിദ് ഖാനും മുജീബ് റഹ്മാനും ശേഷം മറ്റൊരു ക്വാളിറ്റി സ്പിന്നറെക്കൂടി ഈ ലോകകപ്പിൽ അവതരിപ്പിച്ചു. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിനും ചില നല്ല താരങ്ങൾ അഫ്ഗാൻ ടീമിലുണ്ട്.
Story Highlights: India, Pakistan, Afganistan, Bangladesh, U-19 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here