അരുന്ധതി റോയ് തികഞ്ഞ മദ്യപയും തലയ്ക്ക് വെളിവില്ലാത്തവരുമെന്ന് അഡ്വ. ജയശങ്കർ; വിവാദം, പരാതി

പ്രശസ്ത എഴുത്തുകാരിയും മാൻ ബുക്കർ ജേതാവുമായ അരുന്ധതി റോയ്‌ക്കെതിരെ അഡ്വ. ജയശങ്കർ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വിവാദമാകുന്നു. എറണാകുളം ലോ കോളജിൽ നടന്ന പ്രഭാഷണത്തിനിടെയായിരുന്നു വിവാദ പരാമർശം. അരുന്ധതി റോയ് തികഞ്ഞ മദ്യപയും തലയ്ക്ക് വെളിവില്ലാത്തവരുമെന്നായിരുന്നു പ്രസ്താവന. സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ലോ കോളജ് വിദ്യാർത്ഥികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

എറണാകുളം ലോ കോളജിൽ ജനുവരി 30ന് മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പാനൽ ചർച്ചയിലെ പ്രഭാഷകരിലൊരാളായിരുന്നു അഡ്വ. ജയശങ്കർ. പ്രഭാഷണത്തിലുടനീളം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ജയശങ്കർ അരുന്ധതി റോയിയുടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. അരുന്ധതി റോയ് തലയ്ക്ക് വെളിവില്ലാത്ത സ്ത്രീയും രാത്രി 8 മണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാതെയാകുന്ന സ്ത്രീയാണെന്നുമായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. മഹാത്മാ ഗാന്ധിയുടെ നവജീവൻ പ്രസിദ്ധീകരണത്തിലെ ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർത്ഥികൾ ഉന്നയിച്ചപ്പോഴായിരുന്നു വിവാദ പരാമർശം.

പരാമർശത്തിൽ പരിപാടി സംഘടിപ്പിച്ച കെഎസ്‌യു ഖേദപ്രകടനവുമായെത്തിയെങ്കിലും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നവരെ അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയ വിദ്യാർത്ഥികൾ അഡ്വ. ജയശങ്കർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. വിവാദ പരാമർശത്തെ എതിർത്ത് നിരവധി സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിക്കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top