തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ രണ്ടാം പരിശോധനാ ഫലവും പോസിറ്റീവ്

തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ രണ്ടാം പരിശോധനാഫലവും പോസിറ്റീവ്. എന്നാൽ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെൺകുട്ടി ഐസൊലേഷൻ വാർഡിൽ തന്നെ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നാലു ദിവസം മുൻപ് അയച്ച സാമ്പിളിൻ്റെ റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. പുതിയ സാമ്പിൾ ഇന്ന് അയച്ചിട്ടുണ്ട്. മൂന്നാം ഘട്ട പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ എത്തും. ആ റിപ്പോർട്ട് കൂടി എത്തിയാലേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവൂ.
പെൺകുട്ടിയുടെ ആരോഗ്യത്തിൽ സാരമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത പനിയോ ജലദോഷമോ ശ്വാസതടസമോ ഒന്നും ഇപ്പോൾ ഇല്ല.
അതേ സമയം, പെൺകുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയുമായി ബന്ധപ്പെട്ട ആളുകളെ ആറോളം തവണ പരിശോധിച്ചിരുന്നു. ഇവർക്കൊന്നും വൈറസ് ബാധയില്ല. മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവാണ്.
ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം, സംസ്ഥാനത്ത് ഇതുവരെ മൂന്നു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനിൽ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലാ സ്വദേശിയായ വിദ്യാർത്ഥിക്കാണ് ഏറ്റവും അവസാനമായി കൊറോണ ബാധ സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയാണ് രണ്ടാമത്തെ ആൾ.
Story Highlights: Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here