Advertisement

എംഎസ് ധോണിക്ക് ഇനി ഒരു തിരിച്ചു വരവ് അസാധ്യമെന്ന് കപിൽ ദേവ്

February 3, 2020
Google News 1 minute Read

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിക്ക് ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവ്. ധോണിക്ക് തിരിച്ചു വരവ് ഏറെക്കുറെ ബുദ്ധിമുട്ടാണെന്നും കുറേക്കാലം പുറത്തിരുന്നിട്ട് പെട്ടെന്ന് തിരികെ വരാൻ ആർക്കും കഴിയില്ലെന്നും കപിൽ ദേവ് പറഞ്ഞു.

“നിങ്ങൾ കുറേക്കാലം ക്രിക്കറ്റ് കളിക്കാതെയിരുന്ന് പെട്ടെന്ന് തിരികെ വരാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷേ, അദ്ദേഹത്തിന് ഇപ്പോഴും ഐപിഎൽ കളിക്കാം. ഐപിഎല്ലിൽ അദ്ദേഹത്തിൻ്റെ ഫോം വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തിന് എന്താണ് നല്ലതെന്ന് സെലക്ടർമാർ മനസ്സിലാക്കണം. ധോണി രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, 6-7 മാസം കളിക്കാതിരുന്നാൽ മറ്റുള്ളവർക്ക് അത് സംശയമുണ്ടാക്കും. അങ്ങനെ, ഉണ്ടാകാൻ പാടില്ലാത്ത ഒരുപാട് ചർച്ചകൾ ഉണ്ടാവുകയും ചെയ്യും.

നേരത്തെ, ടി-20 ലോകകപ്പ് ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്ന് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ് വെളിപ്പെടുത്തിയിരുന്നു. അതും ധോണിയുടെ തിരിച്ചു വരവിന് തിരിച്ചടിയായിരുന്നു. ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ധോണി ലോകകപ്പ് ടീമിൽ ഇടം പിടിച്ചേക്കുമെന്ന സൂചനകൾ ഉയർന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ധോണി ടീമിലുണ്ടാവുമെന്ന് പരിശീലകൻ രവി ശാസ്ത്രി അറിയിക്കുകയും ചെയ്തു. എന്നാൽ, വിക്രം റാത്തോഡിൻ്റെ വെളിപ്പെടുത്തൽ ഇതൊക്കെ അസ്ഥാനത്താക്കി.

കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു.

Story Highlights: MS Dhoni, Kapil Dev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here