ജയലളിത എന്നെ പോലെ ആയിരുന്നില്ല; അവർ ഐശ്വര്യയെ പോലെ: കങ്കണ റണൗട്ട്

ജയലളിതയുടെ ബയോപിക് ആയ ‘തലൈവി’യിൽ തമിഴിലെ പഴയ സൂപ്പർ നായികയെ അവതരിപ്പിക്കുന്നത് കങ്കണാ റണൗട്ട് ആണ്. എന്നാൽ കങ്കണ പറയുന്നതോ തന്നെ പോലെ ഒരു അഭിനേത്രി ആയിരുന്നില്ല അവരെന്നും! പിന്നെയോ, ഐശ്വര്യാ റായ് ബോളിവുഡിലെന്ന പോലെ തമിഴിലെ ഗ്ലാമർ താരമായിരുന്നു ജയ എന്നാണ് കങ്കണയുടെ കണ്ടെത്തൽ. അവരായി അഭിനയിക്കുന്നത് തന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായിരുന്നെന്നും താരം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ജയലളിതയാകുവാൻ വേണ്ടി ഒരുപാട് ഗവേഷണം നടത്തേണ്ടി വന്നു. പക്ഷേ താനും ജയലളിതയും തമ്മിലുള്ള സാമ്യവും കങ്കണ പറയുന്നു. ‘അവർ എല്ലാത്തിനോടും വിമുഖതയുള്ള നടിയായിരുന്നു, എന്നെ പോലെ. എനിക്കും ഒരു നടി അല്ല ആവേണ്ടിയിരുന്നത്, അതുകൊണ്ടാണ് ഞങ്ങൾ വ്യത്യസ്തരായ അഭിനേതാക്കളായത്.’
Read Also: ജയലളിതയായി കങ്കണ; ‘തലൈവി’യുടെ ടീസർ പുറത്ത്
ഒരു ഗ്ലാമർ താരത്തിലുപരി തനിക്ക് കൂടുതലായി എന്തോ ചെയ്യാനുണ്ടെന്ന് മനസിലാക്കിയതിനാലാണ് ജയലളിത രാഷ്ട്രീയത്തിലറങ്ങിയത്. താനും അങ്ങനെയാണ് സിനിമയുടെ പിന്നാമ്പുറത്തേക്ക് പ്രവേശിച്ചതെന്നും കങ്കണ. ‘എല്ലാ സ്ത്രീയും ഒരു കുടുംബത്തിന് വേണ്ടിയും കുഞ്ഞിന് വേണ്ടിയും കൊതിക്കും. ജയയും കൊതിച്ചു. പക്ഷേ വിവാഹം കഴിച്ചൊരു പുരുഷൻ അവർക്ക് വാക്ക് കൊടുത്ത് ചതിച്ചു. ആ സീൻ ഈ സിനിമയിലുണ്ട്. എന്റെ ജീവിതത്തിലും അതുപോലെ സംഭവിച്ചു.’ കങ്കണ പറയുന്നു.
എ എൽ വിജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ഗെറ്റപ്പിലായി കങ്കണയെത്തുന്ന സിനിമയിൽ പ്രോസ്തെറ്റിക് മേക്കപ്പിലൂടെയാണ് താരം ഒരു ഗെറ്റപ്പിൽ ജയയെ അവതരിപ്പിക്കുന്നത്. തമിഴിലും ഹിന്ദിയിലുമാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിൽ എംജിആർ ആയി എത്തിയിരിക്കുന്നത് അരവിന്ദ സ്വാമിയാണ്. ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജി വി പ്രകാശാണ്.
kankana ranaut, jayalalitha, thalivi film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here