Advertisement

വിശ്വാസ വിഷയങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിലനില്‍ക്കുമോയെന്ന് ഒന്‍പതംഗ ബെഞ്ച് പരിശോധിക്കും

February 3, 2020
Google News 1 minute Read

ശബരിമല യുവതി പ്രവേശനം അടക്കം വിശ്വാസ വിഷയങ്ങള്‍ വിശാല ബെഞ്ചിന് വിട്ട അഞ്ചംഗ ബെഞ്ചിന്റെ നടപടി നിലനില്‍ക്കുമോയെന്ന് സുപ്രിംകോടതി ഒന്‍പതംഗ ബെഞ്ച് പരിശോധിക്കും. വിശാല ബെഞ്ചിന് വിട്ട നടപടിയില്‍ ഭരണഘടനാ വിദഗ്ധരും മുതിര്‍ന്ന അഭിഭാഷകരും കടുത്ത എതിര്‍പ്പുന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പരിഗണനാ വിഷയങ്ങളില്‍ ഒന്ന് വിശാല ബെഞ്ചിന് വിട്ട നടപടിയായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി.

ശബരിമല യുവതിപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒന്‍പതംഗ വിശാല ബെഞ്ച് സിറ്റിംഗ് തുടങ്ങിയ ഉടന്‍ തന്നെ ഭരണഘടനാ വിദഗ്ധനായ ഫാലി നരിമാന്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അഞ്ചംഗ ബെഞ്ച് പരിഗണിച്ച് തീര്‍പ്പാക്കിയതാണ്. അതേ വിഷയങ്ങള്‍ വീണ്ടും വിശാല ബെഞ്ച് പരിഗണിക്കുന്നത് ഉചിതമല്ല. തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഫാലി നരിമാന്‍ കോടതിയെ അറിയിച്ചു.

പുനഃപരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിടുന്നത് അനുവദിക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനും നിലപാട് വ്യക്തമാക്കി. മുഖ്യവിധിയിലെ തെറ്റുകള്‍ പരിശോധിക്കാന്‍ മാത്രമാണ് പുനഃപരിശോധനാ ഹര്‍ജി. ശബരിമല വിഷയം വിശാല ബെഞ്ചിന് വിടണമായിരുന്നെങ്കില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധിക്ക് മുന്‍പ് ആവണമായിരുന്നുവെന്നും ശ്യാം ദിവാന്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ് സിഗും കപില്‍ സിബലും എതിര്‍പ്പുന്നയിച്ചു.

എന്നാല്‍, സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ കെ പരാശരനും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വിശാലാ ബെഞ്ചിന് വിട്ട നടപടിയെ അനുകൂലിച്ചു. ശബരിമല വിധി പൊതുതാത്പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്. പൊതുതാത്പര്യഹര്‍ജികള്‍ എപ്പോള്‍ വേണമെങ്കിലും കോടതികള്‍ക്ക് പരിഗണിക്കാമെന്ന് കെ പരാശരന്‍ വാദിച്ചു. ശബരിമലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വിശാല ബെഞ്ചെന്നും മൂന്ന് സമുദായങ്ങളിലെ വിഷയം കൂടി കോടതിക്ക് മുന്നിലുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തത വരുത്തി.

വിശാല ബെഞ്ചിന് വിട്ട അഞ്ചംഗ ബെഞ്ചിന്റെ നടപടി നിലനില്‍ക്കുമോയെന്നത് അടക്കം പരിഗണനാ വിഷയങ്ങള്‍ കോടതി തന്നെ നിശ്ചയിക്കും. വാദമുഖത്തിന്റെ സമയക്രമം വ്യാഴാഴ്ചത്തെ സിറ്റിംഗില്‍ നിശ്ചയിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Story Highlights: Suprem Court, sabrimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here