ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് രാജു നാരായണ സ്വാമിക്ക് സർക്കാരിന്റെ കത്ത്

ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന രാജു നാരായണ സ്വാമി ഐഎഎസ് എത്രയുംവേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന്റെ കത്ത്. ദീർഘനാൾ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ജനുവരി 24ന് അയച്ച കത്തിൽ പറയുന്നു. കത്തിനുള്ള മറുപടി 15 ദിവസത്തിനുള്ളിൽ ലഭിക്കാത്ത പക്ഷം ഒന്നും പറയാനില്ലെന്ന് കണക്കാക്കി അച്ചടക്ക നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
2019 മാർച്ചിൽ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയശേഷം രാജു നാരായണ സ്വാമി സർവീസിൽ തിരികെ എത്തിയിട്ടില്ല. സർവീസിലിരിക്കെ കൃത്യ വിലോപം കാട്ടിയതിനെ തുടർന്നാണ് മാറ്റിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
എന്നാൽ, അഴിമതിക്കെതിരെ പ്രതികരിച്ചതിനാലാണ് മാറ്റിയതെന്ന് രാജു നാരായണ സ്വാമിയുടെ വാദം. രാജു നാരായണ സ്വാമിയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചതായും സേവനത്തിൽ നിന്ന് വിടുതൽ നൽകിയതായും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസം മുൻപ് സർക്കാർ വിശദീകരണം.
ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്ന് കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും കേസ് ഉള്ളതിനാലാണ് സർവീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നാണ് രാജുനാരായണ സ്വാമിയുടെ പക്ഷം. സംസ്ഥാന സർവീസിൽ തിരികെ പ്രവേശിച്ചാൽ ഡെപ്യൂട്ടേഷനെ ബാധിക്കുമെന്നും രാജു നാരായണ സ്വാമി വ്യക്തമാക്കുന്നു. 1991 കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രാജുനാരായണ സ്വാമി കേരളത്തിൽ നിന്നുള്ള ആദ്യ ഒന്നാം സിവിൽ സർവീസ് റാങ്കുകാരനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here