പരുക്ക്: ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് രോഹിത് ശർമ്മ പുറത്തായെന്ന് റിപ്പോർട്ട്

ന്യൂസിലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ പരുക്കേറ്റ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ പര്യടനത്തിലെ ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്നു പുറത്തായെന്ന് റിപ്പോർട്ട്. ശിഖർ ധവാൻ നേരത്തെ പുറത്തായ സാഹചര്യത്തിൽ അടുത്ത ഓപ്പണറെ കൂടി നഷ്ടമായാൽ ഇന്ത്യക്ക് അത് കനത്ത തിരിച്ചടിയാവും. രോഹിത് ഇല്ലെങ്കിൽ പകരം മായങ്ക് അഗർവാൾ ടീമിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
മത്സരത്തിൽ 60 റൺസെടുത്തു നിൽക്കെ ആണ് രോഹിത് പരുക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ഫീൽഡിലിറങ്ങാതിരുന്ന രോഹിതിൻ്റെ അഭാവത്തിൽ ലോകേഷ് രാഹുലാണ് പിന്നീട് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. മത്സരത്തിനു ശേഷം നടന്ന പ്രസൻ്റേഷൻ സെറിമണിയിൽ വെച്ച് രോഹിതിൻ്റെ പരുക്ക് അല്പ ദിവസങ്ങൾക്കുള്ളിൽ ഭേദമാവുമെന്ന് ലോകേഷ് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം രോഹിത് ഈ പര്യടനത്തിൽ പുറത്തിരിക്കുമെന്നാണ് സൂചന.
രോഹിത് പുറത്തായാൽ ഏകദിന ടീമിൽ പൃഥ്വി ഷായ്ക്കൊപ്പം മായങ്ക് അഗർവാൾ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഒപ്പം, പൃഥ്വി ഷാ-ലോകേഷ് രാഹുൽ ഓപ്പണിംഗ് ജോഡിയ്ക്കും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പകരം ഋഷഭ് പന്തോ മനീഷ് പാണ്ഡെയോ കളിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിലെത്താനും നേരിയ സാധ്യതയുണ്ട്. താൻ മികച്ച ഫീൽഡറാണെന്നു തെളിയിച്ചു കഴിഞ്ഞ സഞ്ജുവിന് അത്തരത്തിൽ ടീമിൽ ഇടം ലഭിച്ചേക്കും. ടെസ്റ്റ് ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശുഭ്മൻ ഗിൽ രോഹിതിനു പകരം ടീമിലെത്തിയേക്കും. അഗർവാൾ-ഷാ/രാഹുൽ-ഷാ എന്നിങ്ങനെയാകും ഓപ്പണിംഗ് സഖ്യത്തിനു സാധ്യത.
Story Highlights: Rohit Sharma