ശബരിമല യുവതിപ്രവേശന വിഷയം; സുപ്രിംകോടതി ഒൻപതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതൽ

രാജ്യത്തിന്റെ വിശ്വാസ വിഷയത്തിൽ അതീവ നിർണായകമായ തീരുമാനമെടുക്കാൻ പോകുന്ന സുപ്രിംകോടതി ഒൻപതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതൽ. ശബരിമല യുവതിപ്രവേശന വിധി ജുഡിഷ്യറിയിലും പൊതുസമൂഹത്തിലും നിയമരംഗത്തും ഉയർത്തിയ ചോദ്യങ്ങളാണ് ഒൻപത് അംഗ ബെഞ്ച് രൂപീകരണത്തിന് വഴിവച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബെഞ്ച്, പരിഗണിക്കേണ്ട വിഷയങ്ങളിലും വാദത്തിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമെടുക്കും.
ശബരിമല യുവതി പ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മം എന്നിവയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ഒറ്റനൂലിൽ കോർത്തു വാദം കേൾക്കാൻ ഒരുങ്ങുകയാണ് സുപ്രിംകോടതിയുടെ ഒൻപതംഗ വിശാല ബെഞ്ച്. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, അനിവാര്യമായ ആചാരങ്ങളുടെ ധാര്‍മികത, ഭരണഘടനാ ധാര്‍മികതയുടെ വ്യാഖ്യാനം തുടങ്ങി ഏഴ് പരിഗണനാ വിഷയങ്ങൾ നേരത്തെ അഞ്ചംഗ ബെഞ്ച് നിശ്ചയിച്ചിരുന്നു.
എന്നാൽ, മുതിർന്ന അഭിഭാഷകർ കൂടുതൽ നിർദേശങ്ങൾ മുന്നോട്ടു വച്ചു. അഭിഭാഷകർ തമ്മിൽ ധാരണയുണ്ടാക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിർദേശിച്ചെങ്കിലും ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതോടെ പരിഗണനാ വിഷയങ്ങൾ വിശാല ബെഞ്ച് നിശ്ചയിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. മുതിർന്ന അഭിഭാഷകനായ വി.ഗിരി പരിഗണനാ വിഷയങ്ങളുടെ കരട് സുപ്രിംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സമയപരിമിതി കാരണം ഒരു പരിഗണനാ വിഷയത്തിൽ ഒരു മുതിർന്ന അഭിഭാഷകനെ മാത്രമേ വാദം പറയാൻ അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കിയിരുന്നു.
Story Highlights- Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here