ടി-20 റാങ്കിംഗ്: കുതിച്ച് ലോകേഷ് രാഹുൽ; രോഹിതിനും നേട്ടം

ഐസിസി ടി-20 റാങ്കിംഗിൽ ലോകേഷ് രാഹുലിനു നേട്ടം. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ഗംഭീര പ്രകടനമാണ് രാഹുലിനു നേട്ടമായത്. നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്താണ് രാഹുൽ ഇപ്പോൾ നിൽക്കുന്നത്. 823 പോയിൻ്റാണ് രാഹുലിനുള്ളത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് പാക് സൂപ്പർ താരം ബാബർ അസം ആണ്. 879 പോയിൻ്റാണ് ബാബറിനുള്ളത്.
അതേ സമയം, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ അവസാന പത്തിൽ ഇടം നേടി. നിലവിൽ 10ആം സ്ഥാനത്താണ് രോഹിത്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രോഹിതിന് 662 പോയിൻ്റുണ്ട്. അതേ സമയം, 673 പോയിൻ്റുള്ള ഇന്ത്യൻ നായകൻ വിരാട് കോലി 9ആം സ്ഥാനത്ത് തുടരുകയാണ്.
ബൗളിംഗിൽ 26 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ജസ്പ്രീത് ബുംറ 11ആം സ്ഥാനത്ത് കുതിച്ചെത്തി. വെസ്റ്റ് ഇൻഡീസിൻ്റെ ഷെൽഡൻ കോട്രലിനൊപ്പം 630 പോയിൻ്റുമായി 11ആം സ്ഥാനം പങ്കിടുകയാണ് ബുംറ. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനാണ് പട്ടികയിൽ ഒന്നാമത്. 749 പോയിൻ്റുള്ള റാഷിദിനെക്കാൾ 7 പോയിൻ്റ് മാത്രം കുറവുള്ള സഹതാരം മുജീബ് റഹ്മാൻ പട്ടികയിൽ രണ്ടാമതുണ്ട്.
അതേ സമയം, ന്യൂസിലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ പരുക്കേറ്റ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ പര്യടനത്തിലെ ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്നു പുറത്തായെന്ന് സൂചനയുണ്ട്. രോഹിത് ഇല്ലെങ്കിൽ പകരം മായങ്ക് അഗർവാൾ ടീമിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. മത്സരത്തിൽ 60 റൺസെടുത്തു നിൽക്കെ ആണ് രോഹിത് പരുക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ഫീൽഡിലിറങ്ങാതിരുന്ന രോഹിതിൻ്റെ അഭാവത്തിൽ ലോകേഷ് രാഹുലാണ് പിന്നീട് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.
Story Highlights: KL Rahul, Rohit Sharma