ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി

മുൻ എംപിയും സിപിഐഎം നേതാവുമായ ടിഎൻ സീമയുടെ ഭർത്താവ് ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള
ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. സർക്കാറിനോടും സെന്റർ ഫോർ ഡവലെപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജിയോടുമാണ് വിശദീകരണം തേടിയത്. ഈ മാസം 17ന് കേസ് ഹൈകോടതി വീണ്ടും പരിഗണിക്കും. നിയമനം കൃത്യമായ യോഗ്യത ഇല്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണെന്നും നിയമനം റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
മുൻ എംപിയും സിപിഎം നേതാവുമായ ടിഎൻ സീമയുടെ ഭർത്താവ് ജയരാജ് 2019 ഫെബ്രുവരി 28ന് രജിസ്റ്റാർ പദവിയിൽ നിന്ന് വിരമിച്ചു. എന്നാൽ, 2019 മാർച്ച് ഒന്നിന് രജിസ്റ്റാറായി പുനർ നിയമനം നൽകി. തുടർന്ന് 2020 ജനുവരി 22ന് ഡയറക്ടറായി ജയരാജിന് നിയമനം നൽകുകയായിരുന്നു. നിയമനം റദ്ദാക്കണ മെന്നാവശ്യപ്പെട്ട് സി- ഡിറ്റ് ഇ- ഗവേണൻസ് ഇംപ്ലിേെമന്റഷൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറായ എംആർ മോഹന ചന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സി- ഡിറ്റ് ഡയറക്ടർ ആക്കി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ അപാകത ഉണ്ടെന്നും നിയമനം റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഹർജിയിൽ ഈ മാസം 17 മുൻപായി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. മതിയായ യോഗ്യതയില്ലാതിരുന്നിട്ടും രാഷ്ട്രീയ സ്വാധീനം മൂലം 2016 ജൂൺ ഒന്നിന് സി- ഡിറ്റ് രജിസ്റ്റാറായി നിയമനം ലഭിച്ചയാളാണ് ജയരാജെന്ന് ഹർജിയിൽ പറയുന്നു. 17ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here