നടന്‍ വിജയിക്കെതിരായ നടപടി അപലപനീയം; വിമര്‍ശിക്കുന്നവരെ ഒതുക്കുക സംഘപരിവാര്‍ നീതി: മന്ത്രി ഇ പി ജയരാജന്‍

തമിഴ് നടന്‍ വിജയിക്കെതിരെയുള്ള ആദായനികുതി വകുപ്പ് നടപടി അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജന്‍. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും ‘മെര്‍സല്‍’ എന്ന തന്റെ സിനിമയില്‍ വിജയിയുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാ ഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്.
Read More: കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപണം; നടൻ വിജയിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന
സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
നരേന്ദ്ര ധബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്ന ഘട്ടത്തിലെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയര്‍ത്തുന്നവരെയും വെടിവച്ച് വീഴ്ത്തുകയാണ്.
പൗരത്വ നിയമ ഭേദഗതി അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബിജെപി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണം. ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.
Story Highlights: actor vijay, income tax department, thamil actor vijay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here