മൂന്നാമത് കുട്ടി വേണ്ട; ഗർഭിണിയായ ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭർത്താവ്

മൂന്നാമത്തെ കുഞ്ഞിനെ വേണ്ടന്ന ദമ്പതികളുടെ തർക്കം അവസാനിച്ചത് ഗർഭിണിയായ ഭാര്യയുടെ കൊലപാതകത്തിൽ. സാവോ പോളോയിലെ വാർസെ പോളിസ്റ്റയിലാണ് സംഭവം.
ഗർഭച്ഛിദ്രത്തെ എതിർത്ത ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭർത്താവ് മാർസെലോ അറൗജോ(21)കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. 22 വയസുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഫ്രാൻസിൻ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ചെറിയ പ്രായത്തിൽ മൂന്നുകുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അറൗജോ പറയുന്നു. ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
ഫ്രാൻസിൻ ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ സംഭവ ദിവസം രാത്രി ദമ്പതിമാർ തമ്മിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞ് വേണ്ടെന്ന് അറൗജോ ആവർത്തിച്ചെങ്കിലും ഗർഭച്ഛിദ്രത്തിന് ഫ്രാൻസിൻ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് കിടപ്പ് മുറിയിൽ പോയ അറൗജോ ലൈംഗിക ബന്ധത്തിനിടെ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
മുറിയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം അറൗജോ സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരുവരെയും കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെങ്കിലും അറൗജോ മരിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here