ലൈംഗിക ആരോപണം : മൂന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ. വര്‍ഗീസ് മര്‍ക്കോസ്, ഫാ. വര്‍ഗീസ് എം. വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നടപടി.

വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗീക ആരോപണങ്ങള്‍ ഉണ്ടായതോടെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അച്ചടക്ക നടപടി. കോട്ടയം കുഴിമറ്റത്ത് അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതി കണക്കിലെടുത്താണ് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി. പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. അനാശാസ്യ ആരോപണങ്ങളെത്തുടര്‍ന്ന് മുന്‍പ് വികാരിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ. റോണി വര്‍ഗീസ്. സഭാനേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാ റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.

വാകത്താനത്തെ ചാപ്പലില്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ് എം. വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ ലൈംഗിക ആരോപണങ്ങളില്‍ അടിയന്തിര നടപടി എടുത്തത്. വര്‍ഗീസ് എം.വര്‍ഗീസിനെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം മുന്‍പ്് ആരോപണങ്ങള്‍ നേരിട്ട് വൈദികരെയും ആത്മീയ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഭാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയാണ് അച്ചടക്ക നടപടിയെടുത്തത്. ഭദ്രാസന കൗണ്‍സില്‍ നിയോഗിക്കുന്ന അന്വേഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാകും വൈദികര്‍ക്കെതിരായ തുടര്‍ നടപടികള്‍. ചുമതലകള്‍ ഒഴിവാക്കിയുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിച്ചേക്കും.

 

Story Highlight- Orthodox Church, takes action against three clergymen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top