സഭാതര്‍ക്കം മൂലം ഒരു മൃതദേഹവും അനാഥമാക്കാൻ സർക്കാർ അനുവദിക്കില്ല; എകെ ബാലൻ

സഭാതര്‍ക്കംമൂലം സംസ്ഥാനത്ത് ഒരു മൃതദേഹവും അനാഥമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. നിയമസഭാ സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം തീര്‍ക്കാന്‍ കൊണ്ടുവരുന്ന നിയമം മറ്റു കൃസ്ത്യന്‍ സഭകള്‍ക്ക് കൂടി ബാധകമാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേ സമയം, കൃസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം സംബന്ധിച്ച ബില്ലും ഗവര്‍ണര്‍ നിരാകരിച്ച വാര്‍ഡ് വിഭജനബില്ലും നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കു മാത്രമായി നിയമം പരിമിതപ്പെടുത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇല്ലെങ്കില്‍ അനാവശ്യ ആശങ്കകള്‍ മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കും. കൃസ്ത്യന്‍ സമുദായങ്ങളുടെ ഘടനയെക്കുറിച്ച് പ്രാഥമിക ധാരണയില്ലാത്തവരാണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്നും ആരോപണമുയര്‍ന്നു.
എന്നാൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കം ശവസംസ്‌കാരത്തെ പോലും ബാധിക്കുന്നത് അപമാനകരമാണ്. ഒരു ഇടവകയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും പൂര്‍വികരുടെ കല്ലറകളില്‍ അടക്കം ചെയ്യപ്പെടാനുള്ള അവകാശമുണ്ട്. അതിനാണ് നിയമനിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന വാദം ശരിയല്ലെന്നും സെന്‍സസ് കമ്മിഷണറുടെ വാദം തള്ളിയാണ് വാര്‍ഡ് വിഭജനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പഞ്ചായത്തുകളുടെയോ മുന്‍സിപ്പാലിറ്റികളുടെയോ അതിര്‍ത്തി മാറുന്നില്ലെന്നും, അധിക സാമ്പത്തിക ബാധ്യതയുണ്ടാവില്ലെന്നും മന്ത്രി എകെ ബാലന്‍ മറുപടി നല്‍കി. തുടര്‍ന്ന് പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്‌നം സ്പീക്കര്‍ തള്ളി, ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
Story Highlights: Burial Bill, AK Balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here