അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം സ്വീകരിക്കുന്നതില്‍ മുസ്‌ലിം വിഭാഗത്തില്‍ അഭിപ്രായ ഭിന്നത

അയോധ്യയില്‍ പള്ളി നിര്‍മാണത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം സ്വീകരിക്കുന്നതില്‍ മുസ്‌ലിം വിഭാഗത്തില്‍ അഭിപ്രായ ഭിന്നത. നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് നിര്‍ദിഷ്ട സര്‍ക്കാര്‍ ഭൂമിയെന്നും അയോധ്യയില്‍ തന്നെ ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.
സുപ്രിംകോടതി നിര്‍ദേശ പ്രകാരം ഇന്നലെയാണ് പള്ളിക്കായുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടത്. അയോധ്യാ നഗരത്തില്‍ നിന്ന് അകലെ ധാനിപൂരിലാണ് അഞ്ചേക്കര്‍ ഭൂമി. നിര്‍ദിഷ്ട ക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ ഫൈസാബാദില്‍ നിന്ന് 18 കിലോമീറ്ററും അകലെയാണ് ഭൂമി.
സുപ്രിംകോടതി വിധിയുടെ അന്തസത്തയെ ബഹുമാനിക്കുന്നതല്ല ധാനിപൂരില്‍ ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നാണ് മുസ്‌ലിം കക്ഷികളിലെ ഒരു വിഭാഗത്തിന്റെ വാദം. അയോധ്യയില്‍ തന്നെ ഭൂമി നല്‍കാനാണ് സുപ്രിംകോടതി വിധിയെന്ന് അയോധ്യകേസില്‍ കക്ഷികളായിരുന്ന ഹാജി മെഹബൂബും ഇക്ബാല്‍ അന്‍സാരിയും പ്രതികരിച്ചു.
അയോധ്യയില്‍ ഭൂമി കണ്ടെത്തി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ഷിയാ വിഭാഗവും പ്രതികരിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തോട് സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല. അയോധ്യാ നഗരത്തില്‍ പള്ളി നിര്‍മാണം പാടില്ലെന്ന വിശ്വഹിന്ദു പരിഷത്ത് നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഗരത്തിന് പുറത്ത് ഭൂമി കണ്ടെത്തിയത്.
Story Highlights: ayodhya case, Ayodhya dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here