സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകള്‍ വര്‍ധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 8936 ബലാത്സംഗ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2019 ല്‍ മാത്രം 2076 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
സ്ത്രീ സുരക്ഷ ഉയര്‍ത്തിപ്പിടിച്ച് അധികാരത്തില്‍ എത്തിയ ഇടതുപക്ഷ ഭരണകാലത്തും ബലാത്സംഗകേസുകളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 2015 ല്‍ 1256 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2019 എത്തുമ്പോഴേക്കും കേസുകളുടെ എണ്ണം 2076 ആയി. 820 കേസുകളുടെ വര്‍ധനവാണ് ഉണ്ടായത്.
സ്ത്രീകള്‍ക്ക് നേരെ നടന്ന വിവിധ അതിക്രമങ്ങളിലായി 4579 കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തു. ഭര്‍തൃ വീടുകളില്‍ പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2019 ല്‍ മാത്രം 2991 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 നേക്കാള്‍ 845 കേസുകളുടെ വര്‍ധനാവാണ് ഉണ്ടായത്. പൊലീസിന്റെ പ്രതിവര്‍ഷ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീകളുടെ രാത്രികാല നടത്തം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നും കേരളത്തില്‍ ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.
Story Highlights: rape case, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here