പള്ളി സെമിത്തേരി ബില്ലിനെ എതിർത്ത് ഓർത്തഡോക്‌സ് സഭ; സഭക്കെതിരെയുള്ള പടയൊരുക്കമാണിതെന്ന് ബസേലിയോസ് കാതോലിക്ക ദ്വിതിയൻ ബാവ

പള്ളി സെമിത്തേരി സംബന്ധിച്ചുള്ള ബില്ലിനെ എതിർത്ത് ഓർത്തഡോക്‌സ് സഭ. പള്ളി സെമിത്തേരികളെ പൊതുശ്മശാനമാക്കി മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇത് സഭക്കെതിരെയുള്ള പടയൊരുക്കമാണിതെന്നും ബസേലിയോസ് കാതോലിക്ക ദ്വിതിയൻ ബാവ പറഞ്ഞു.
പരുമല സെമിനാരിയിൽ നടന്ന കുർബാനയ്ക്ക് ശേഷമായിരുന്നു സർക്കാരിനെതിരെയുള്ള കാതോലിക്ക ബാവയുടെ വിമർശനം. പള്ളി സെമിത്തേരി സംബന്ധിച്ചുള്ള ബില്ല് നിലവിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് നയിക്കും. തർക്കങ്ങൾ തീർത്തതിന് ശേഷമാണ് ഈ ബില്ല് അവതരിപ്പിച്ചിരുന്നതെങ്കിൽ ഇത് ഉപകാരപ്പെടുമായിരുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു. തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതി വിധി നടപ്പിലാക്കണമെന്നും എന്നാൽ, ഈ ബില്ലിലൂടെ തർക്കങ്ങൾ തുടരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കാതോലിക്ക ദ്വിതിയൻ ബാവ വിമർശിച്ചു.
ശവമടക്കിനുള്ള ബിൽ കൊണ്ടുവരാനുളള സർക്കാർ തീരുമാനം സ്വാഗതാർഹമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഴുവൻ സഭകളെയും ബില്ലിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here