Advertisement

ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ല; സെൻസസ് നടത്താതിരിക്കാൻ കഴിയില്ല : മുഖ്യമന്ത്രി

February 6, 2020
Google News 1 minute Read

സെൻസസ് നടത്താതിരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്കകൾ അവസാനിപ്പിക്കും വരെ സംസ്ഥാനത്തെ സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സെൻസസ് ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വഴിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സെൻസസ് നടപടികൾക്ക് വിട്ടുകൊടുക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്ര സെൻസസ് വകുപ്പാണ്. സെൻസസ് ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമാകില്ലെന്ന് എന്ത് ഉറപ്പുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കെ.എം.ഷാജി ചോദിച്ചു.

പൗരത്വ വിഷയത്തിലെ സർക്കാർ നിലപാടിൽ പൊതു സമൂഹത്തിന് അങ്കലാപ്പില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തെ മറ്റു ചിലതിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അത് ഏശില്ല.

സെൻസസിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നത് യാഥാർഥ്യമാണെങ്കിലും ആശങ്കകൾ ദൂരികരിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

വിഷയം മുതലെടുക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ ഹർത്തലുമായി എത്തിയതോടെ പികെ കുഞ്ഞാലിക്കുട്ടിയാണ് സംയുക്ത പ്രക്ഷോഭം എന്ന ആശയം മുന്നോട്ട് വെച്ചതെന്ന് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്തെ സംയുക്ത ഇടപെടലുകൾ തീവ്രവാദ ഗ്രൂപ്പുകൾക്ക് ദഹിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Story Highlights- NPR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here