ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷൻ

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി. റിട്ടേർഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെയാണ് നിയമിച്ചത്. നാലാഴ്ചയ്ക്കകം കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം. പന്തളം രാജകുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കാൻ അറ്റോർണി ജനറൽ ഇടപെടണമെന്ന് ജസ്റ്റിസ് എൻവി രമണ അഭ്യർത്ഥിച്ചു.
തിരുവാഭരണത്തിന്റെ സുരക്ഷയിൽ വാദം കേൾക്കവെയാണ് ഏകാംഗ കമ്മീഷനെ നിയോഗിക്കാൻ ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാലും, പന്തളം രാജകുടുംബാംഗത്തിന്റെ അഭിഭാഷകൻ കെ രാധാകൃഷ്ണനും നിർദേശിച്ച റിട്ടേർഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ പേര് കോടതി അംഗീകരിച്ചു.
ഏകാംഗ കമ്മീഷൻ തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ആഭരണം പരിശോധിക്കാൻ ആവശ്യമെങ്കിൽ വിദഗ്ധന്റെ സഹായം തേടാം. തിരുവാഭരണത്തിന്റെ സുരക്ഷയിൽ റിട്ടയേർഡ് ജഡ്ജിക്ക് നിർദേശങ്ങൾ സമർപ്പിക്കാമെന്നും കോടതി വ്യക്‌തമാക്കി. ഒരു വ്യക്‌തിക്കും തിരുവാഭരണം തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു. പന്തളം രാജകുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കാൻ അറ്റോർണി ജനറലിന്റെ ഇടപെടലും ജസ്റ്റിസ് എൻവി രമണ അഭ്യർത്ഥിച്ചു.
ഇതിനിടെ, ഹർജിക്കാരനായ പന്തളം രാജകുടുംബാംഗം രേവതി നാൾ രാമവർമ രാജയുടെ വക്കാലത്ത് സംബന്ധിച്ച് കോടതിയിൽ തർക്കമുയർന്നു. വക്കാലത്ത് കൈമാറിയെന്നും സത്യവാങ്മൂലത്തിൽ ഹർജിക്കാരൻ ഒപ്പിട്ടുവെന്നും ഒരു അഭിഭാഷകൻ അറിയിച്ചതിനെ നിലവിലെ അഭിഭാഷക എതിർത്തു. ഇതോടെ ഒപ്പിന്റെ വിശ്വാസ്യത പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിക്ക് നിർദേശം നൽകി. നാലാഴ്ച്ചക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും.
Story Highlights: Sabarimala, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here