കാട്ടാക്കട കൊലപാതകം; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

കാട്ടാക്കട കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. മണ്ണ് മാഫിയയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താൻ വൈകിയതിനാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്. ഒരു എഎസ്‌ഐഎയും മൂന്ന് പൊലീസുകാരെയുമാണ് സസ്‌പെന്റ് ചെയ്തത്.

എഎസ്‌ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികുമാർ , ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണ് മാഫിയ അനുവാദമില്ലാതെ തന്റെ പുരയിടത്തിൽ നിന്ന് മണ്ണെടുക്കുന്നതായി സംഭവ ദിവസം രാത്രി 12.35 ന് സംഗീത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു അറിയിച്ചിരുന്നു. എന്നാൽ പൊലീസ് സംഭവസ്ഥലത്തെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. അപ്പോഴേക്കും സംഗീതിനെ ഇടിച്ചിട്ട് മണ്ണ് മാഫിയ സംഘം രക്ഷപ്പെട്ടിരുന്നു. സംഗീത് ഒന്നിലധികം തവണ വിളിച്ചിട്ടും സ്ഥലത്തെത്താൻ വൈകിയതിനാണ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്.

Read Also : കാട്ടാക്കട കൊലപാതക കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.വീഴ്ച അന്വേഷിച്ച നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറും സമാനമായ റിപ്പോർട്ടാണ് റൂറൽ എസ്.പി ക്കു സമർപ്പിച്ചത്. പോലീസ് കൃത്യസമയത്തു എത്തിയിരുന്നെങ്കിൽ സംഗീതിന് ജീവൻ നഷ്ട്ടപ്പെടില്ലായിരുന്നുവെന്നാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.

ഈ റിപ്പോർട്ടുകൾ പരിഗണിച്ചാണ് സസ്‌പെൻഷൻ തീരുമാനം. പോലീസ് നടത്തിയ തെളിവെടുപ്പിൽ വീഴ്ച സംഭവിച്ചതായി സംഗീതിന്റെ ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു. മണ്ണ് മാഫിയ സംഘത്തെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപ്പട്ടികയിലുള്ള എട്ട് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Story Highlights- Kattakkada Murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top