പ്രളയ ദുരിത ബാധിതർക്കായി 121 വീടുകൾ നിർമിച്ച് ആലപ്പുഴയിലെ കുടുംബശ്രീ കൂട്ടായ്മ

നിർമാണ മേഖലയിൽ പെൺകരുത്ത് തെളിയിച്ച് ആലപ്പുഴയിലെ കുടുംബശ്രീ കൂട്ടായ്മ. പ്രളയ ദുരിത ബാധിതർക്കായുള്ള വീടുകളുടെ പ്ലാൻ മുതൽ പ്ലാസ്റ്റര്‍ ചെയ്യല്‍, കോൺക്രീറ്റ് ചെയ്യല്‍ തുടങ്ങി സകല ജോലികളും ഒരു കൂട്ടം സ്ത്രീകളുടെ കൈക്കരുത്തിലാണ് പൂർത്തിയായത്. പുരുഷ കേന്ദ്രീകൃതമായ ഈ തൊഴിൽ മേഖലയിൽ നേരത്തെ തന്നെ വിജയക്കൊടി പാറിച്ചു കഴിഞ്ഞു ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷൻ.

2019 ഏപ്രിൽ മുതലാണ് വീടുകളുടെ നിർമാണം തുടങ്ങിയത്. മൂന്ന് ഘട്ടങ്ങളിലായി 42, 43, 36 ഭവനങ്ങൾ വീതം 121 വീടുകൾ നിർമിച്ചു. വീണ്ടും എത്തിയ വെള്ളപ്പൊക്കവും മഴയുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അവയെ തരണം ചെയ്ത് എട്ട് മാസത്തിനുള്ളിൽ വീടുകൾ ഭംഗിയായി പൂർത്തിയാക്കി ഈ പെൺ കൂട്ടായ്മ. ഗുണനിലവാരം കുറയ്ക്കാതെ തന്നെ ചെലവ് കുറച്ചും മിച്ചം പിടിച്ചും 116 എന്ന ധാരണ പത്രത്തിലെ കരാറിൽ നിന്ന് അഞ്ച് വീടുകൾ അധികം നിർമിക്കാൻ കഴിഞ്ഞു. വീടുകളുടെ താക്കോൽ ദാനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി നിർവഹിക്കും.

2018ലാണ് പരിശീലനത്തിനൊപ്പം ഭവന നിർമാണവും എന്ന പദ്ധതി കുടുംബശ്രീ തുടങ്ങിയത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ഭവന നിർമാണം നടന്നത് ആലപ്പുഴ ജില്ലയിലാണ്. 415 വനിതകൾക്കാണ് പരിശീലനം നൽകിയത്. പിന്നീട് ലൈഫ് മിഷന്റെ 14 വീടുകൾ ഇവർ പൂർത്തിയാക്കി. തുടർന്നാണ് രാമോജി ഫിലിം സിറ്റിയുടെ സംരംഭം ഏറ്റെടുക്കുന്നത്. ഇതിന് പരിശീലനം ലഭിച്ച 415 സ്ത്രീകളുടെ സംഗമം നടന്ന പത്ര വാർത്ത നിമിത്തമായി. ജില്ലയിലെ പ്രളയ ദുരിതത്തിൽപ്പെട്ട 116 പാവപ്പെട്ട കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വരുന്ന വീടുകൾ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കണം എന്നായിരുന്നു പ്രധാന കരാർ.

 

kudumbasree

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top