Advertisement

കണിശതയാർന്ന ബൗളിംഗുമായി ബംഗ്ലാദേശ്; ഇന്ത്യക്ക് പതിഞ്ഞ തുടക്കം

February 9, 2020
Google News 1 minute Read

അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. അസാമാന്യമായി പന്തെറിഞ്ഞ ബംഗ്ലാദേശിൻ്റെ പേസ് ബൗളർമാരാണ് ഇന്ത്യയെ വരിഞ്ഞു മുറുക്കിയത്. ആദ്യ പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് 23 റൺസ് മാത്രമേ നേടാനായുള്ളൂ. 2 റൺസെടുത്ത ദിവ്യാൻഷ് സക്സേനയാണ് പുറത്തായത്.

തുടർച്ചയായ മെയ്ഡൻ ഓവറുകളുമായാണ് ബംഗ്ലാ പേസർമാരായ ഷൊരിഫുൽ ഇസ്ലാമും തൻസിം ഹസൻ ഷാക്കിബും ആരംഭിച്ചത്. ഉജ്ജ്വല ബൗളിംഗിനൊപ്പം ഇവർ ഇന്ത്യൻ ബാറ്റ്സ്മാരെ മത്സരിച്ച് സ്ലെഡ്ജ് ചെയ്യുകയും ചെയ്തു. ഫീൽഡർമാരും കട്ടക്ക് നിന്നതോടെ റൺ വരൾച്ച കഠിനമായി. 6 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്കോറിൽ 8 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. ഏഴാം ഓവറിൽ സക്സേന പുറത്തായി. ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ അവിഷേക് ദാസാണ് ബംഗ്ലാദേശിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. ദാസിൻ്റെ പന്തിൽ അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ച സക്സേന മഹ്മൂദുൽ ഹസൻ ജോയ്ക്കു പിടിനൽകി മടങ്ങി.

10 ഓവർ അവസാനിക്കുമ്പോഴാണ് തൻസിം ഹസൻ ഷാക്കിബ് തൻ്റെ ആദ്യ സ്പെൽ പൂർത്തിയാക്കിയത്. 5 ഓവർ പന്തെറിഞ്ഞ താരം 2 മെയ്ഡൻ ഓവറുകൾ അടക്കം വെറും 9 റൺസ് മാത്രമാണ് വിട്ടു നൽകിയത്. രണ്ടാം വിക്കറ്റിൽ ക്രീസിലെത്തിയ തിലക് വർമ്മയെയും ബംഗ്ലാദേശ് ക്രീസിൽ തന്നെ കെട്ടിയിട്ടു.

മികച്ച ബൗളിംഗിനെയും കനത്ത സ്ലെഡ്ജിംഗിനെയും അതിജീവിച്ച യശസ്വി ജയ്സ്വാൾ റൺ വരൾച്ചയിലും അലക്ഷ്യമായ ഒരു ഷോട്ട് പോലും കളിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഏകാഗ്രതയും കഴിവുമുള്ള യശസ്വി ഇന്ത്യയുടെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണെന്ന് തെളിയിച്ചു. നിലവിൽ 14 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ്. യശസ്വി ജയ്സ്വാളും (24) തിലക് വർമ്മയും (6) ക്രീസിൽ തുടരുകയാണ്.

Story Highlights: U-19 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here