ലാറ വെടിക്കെട്ട്; ബുഷ്ഫയർ ക്രിക്കറ്റിൽ പോണ്ടിംഗ് ഇലവന് മികച്ച സ്കോർ

ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തുന്ന ബുഷ്ഫയർ ക്രിക്കറ്റ് മത്സരത്തിൽ പോണ്ടിംഗ് ഇലവന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തു. 30 റൺസെടുത്ത ബ്രയാൻ ലാറയാണ് പോണ്ടിംഗ് ഇലവൻ്റെ ടോപ്പ് സ്കോറർ. ഗിൽക്രിസ്റ്റ് ഇലവനായി യുവരാജ്, സൈമണ്ട്സ്, കോട്നി വാൽഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പീറ്റർ സിഡിലിൻ്റെ ആദ്യ ഓവറിൽ തന്നെ 14 റൺസ് പിറന്നു. വാൽഷ് എറിഞ്ഞ രണ്ടാം ഓവറിൽ ഓപ്പണർ ജസ്റ്റിൻ ലാംഗർ പുറത്തായി. 6 റൺസെടുത്ത ലാംഗറെ വാൽഷ് ക്ലീൻ ബൗൾഡാക്കി. 14 പന്തുകളിൽ ഓരോ ബൗണ്ടറിയും സിക്സറും സഹിതം 16 റൺസ് എടുത്ത മാത്യു ഹെയ്ഡനെ യുവരാജ് സിംഗ് എലിസ് വിലാനിയുടെ കൈകളിലെത്തിച്ചു. മൂന്നാം നമ്പറിലെത്തിയ പോണ്ടിംഗ് മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു. 14 പന്തുകളിൽ 4 ബൗണ്ടറി അടക്കം 26 റൺസെടുത്ത പോണ്ടിംഗ് റിട്ടയർഡ് ഔട്ടായി മടങ്ങി.

പിന്നീടായിരുന്നു ബ്രയാൻ ലാറയുടെ വെടിക്കെട്ട് ബാറ്റിംഗ്. 11 പന്തുകളിൽ 3 ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 30 റൺസെടുത്ത ലാറ 9ആം ഓവറിൽ റിട്ടയർഡ് ഔട്ടായി. ഇതിനിടെ യുവതാരം ഫീബി ലിച്ച്ഫീൽഡ് (9) സൈമണ്ട്സിൻ്റെ പന്തിൽ നിക്ക് റീവോൾട്ട് പിടിച്ച് പുറത്തായി. അലക്സ് ബ്ലാക്ക്‌വെൽ (2), ലുക്ക് ഹോഡ്ജ് (4 പന്തുകളിൽ 11) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights: Brian Lara, Australia Bushfire Cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top