ബുർഖ ഉപയോഗിക്കുന്നത് തീവ്രവാദികൾ; നിരോധിക്കണമെന്ന് യുപി മന്ത്രി

ബുർഖ നിരോധിക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗ്. തീവ്രവാദികളാണ് ബുർഖ ധരിക്കുന്നതെന്നും അത് നിരോധിക്കണമെന്നും മന്ത്രി പറഞ്ഞു. ആഗ്രയിലെ ഷാജാമലിൽ പൗരത്വ നിയമഭേദഗതിക്കെതിരെ സ്ത്രീകൾ നടത്തുന്ന പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിലാണ് വിവാദ പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്.

“തീവ്രവാദികൾ തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാനാണ് ബുർഖ ധരിക്കുന്നത്. അറേബ്യൻ രാജ്യങ്ങളിലെ ആചാരമായ ബുർഖ ധരിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിനു ചേർന്നതല്ല. അവർ രാക്ഷസൻ്റെ പിൻഗാമികൾ ആയതുകൊണ്ടാണ് ബുർഖ ധരിക്കുന്നത്. പിശാചുക്കളുടെ പിൻഗാമികൾക്കു മാത്രമേ ബുർഖ ധരിക്കാൻ കഴിയൂ. ഒരു സാധാരണക്കാരന് അതിനു കഴിയില്ല. തീവ്രവാദികൾ ബുർഖ ധരിച്ച് രാജ്യത്ത് പ്രവേശിക്കുന്നതു കൊണ്ട് അതിനു നിരോധനം ഏർപ്പെടുത്തണം.”- മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷമുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകൾക്കു ശേഷം ശ്രീലങ്ക ബുര്‍ഖ നിരോധിച്ചു എന്നും മന്ത്രി പറഞ്ഞു. ഗുണ്ടകളെ ഉന്മൂലനം ചെയ്യാൻ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുവാക്കൾ പ്രധാനമന്ത്രിയെ അടിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയും മന്ത്രി രൂക്ഷമായി ആഞ്ഞടിച്ചു. നരേന്ദ്രമോദിയും യോഗി ആദിത്യനാഥും രാജ്യത്തിന്റെ പ്രതിരൂപങ്ങളാണെന്നും ഇരുവർക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ആരും സഹിക്കില്ലെന്നും മന്ത്രി രഘുരാജ് സിംഗ് പറഞ്ഞു.

നേരത്തെയും വിവാദ പ്രസ്താവനകളുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സംസാരിക്കുന്നവരെ തീ കൊളുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു നടന്ന ഒരു പരിപാടിക്കിടെയായിരുന്നു പരാമർശം.

story Highlights: Burqa, Raghuraj Singh, BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top