ഉത്തരക്കടലാസുകൾ കാണാതെ പോയി; വിദ്യാർത്ഥികൾ പരാജയപ്പെട്ടെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാഫലം: വിവാദം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതെ പോയി. പാലക്കാട് പത്തിരിപ്പാല ഗവ. ആർട്ട്സ് കോളജിലെ ബിഎ ഇംഗ്ലീഷ്, മലയാളം വിദ്യാർത്ഥികളുടെ ജേണലിസം പേപ്പറാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് നഷ്ടമായത്. വീഴ്ച്ച മറച്ച് വെയ്ക്കാൻ, വിദ്യാർത്ഥികൾ പരാജയപ്പെട്ടെന്ന് കാണിച്ച് യൂണിവേഴ്സിറ്റി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.
മെയ് ആറിനാണ് ബിഎ ഇംഗ്ലീഷ്, മലയാളം വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ റിസൾട്ട് വന്നത്. ജേണലിസം പേപ്പർ എഴുതിയ 61 പേരും പരാജയപ്പെട്ടെന്നായിരുന്നു പരീക്ഷാ ഫലം. പലരും ആബ്സന്റാണെന്നും കാണിച്ചിരുന്നു. ഇതോടെ സംശയം തോന്നിയ വിദ്യാർത്ഥികൾ പരാതിയുമായി പ്രിൻസിപ്പലിനെ സമീപിക്കുകയായിരുന്നു. കോളജ് അധികൃതർ യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടമായെന്ന് മറുപടി കിട്ടിയത്. പത്തിരിപ്പാലയിൽ നിന്ന് ഉത്തരക്കടലാസുകൾ സർവകലാശാലയിലേക്ക് അയച്ചതിൻ്റെ എല്ലാ തെളിവുകളും ഉണ്ട്. അതിനു ശേഷം പേപ്പറുകൾ നഷ്ടമായതാണ്.
പുനഃപരീക്ഷ നടത്താമെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇപ്പോൾ പറയുന്നത്. പക്ഷെ, തങ്ങൾ അതിനൊരുക്കമല്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒരു സെമസ്റ്റർ മൊത്തത്തിൽ നഷ്ടമാകുന്നത് തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. മറ്റുള്ള വിഷയങ്ങൾക്കെല്ലാം നല്ല മാർക്കോടെ പാസായ വിദ്യാർത്ഥികൾ വരെ പരീക്ഷയിൽ പരാജയപ്പെട്ടു. ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ യാതൊരു നടപടിക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റി തയ്യാറായിട്ടില്ല.
Story Highlights: Calicut University, Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here