മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കം: വൈദ്യുതി മന്ത്രി

മൂലമറ്റം വൈദ്യുതി നിലയത്തിലെ തുടര്‍ച്ചയായുണ്ടായ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. അടുത്തിടെ ഉണ്ടായ രണ്ട് പൊട്ടിത്തെറികളിലുമായി ഏഴ് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ വൈദ്യുതി നിലയത്തിനുള്ളില്‍ പരിശോധന നടത്തിയിരുന്നു.

മൂലമറ്റം പവര്‍ ഹൗസില്‍ പതിനൊന്ന് ദിവസത്തിനിടെ രണ്ട് പൊട്ടിത്തെറികളാണ് ഉണ്ടായത്. സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്ന് വരെ ഉത്പാദിപ്പിക്കുന്ന നിലയത്തില്‍ നിന്ന് അപകടങ്ങള്‍ കാരണം 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് പ്രധാന അപകടകാരണം. വൈദ്യുതി നിലയത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല.

പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ ഊര്‍ജ പ്രതിസന്ധി മറികടക്കുന്നത്. കെഎസ്ഇബിക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. മൂലമറ്റം വൈദ്യുതി നിലയത്തില്‍ വര്‍ഷങ്ങളായി ജോലിചെയ്തിരുന്ന പരിശീലനം ലഭിച്ച ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റിയതും നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. നൂറുകണക്കിന് ജീവനക്കാര്‍ ജോലിചെയ്യുന്ന വൈദ്യുതി നിലയമാണ് അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top