Advertisement

‘പാരസൈറ്റ്’ അഥവാ പരാന്നഭോജികൾ പറയുന്ന കടുത്ത രാഷ്ട്രീയം

February 10, 2020
Google News 4 minutes Read

-അരവിന്ദ് വി

സാമ്പത്തിക വംശീയതയാണ് ഏഷ്യയിലെ പ്രധാന തരംതിരിവ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ചിലപ്പോൾ വർണവും ജാതിയും മതവുമൊക്കെ മാത്രമാണ്. അതുകൊണ്ട് തന്നെ വർണ വ്യത്യാസമില്ലാത്ത സാമ്പത്തിക വംശീയ പ്രധാന വിഷയമായ ബ്ലാക്ക് കോമിക് ആഖ്യാന
രീതിയിൽ വന്ന ദക്ഷിണ കൊറിയൻ സിനിമ പാരസൈറ്റ് വാരിക്കൂട്ടിയ പുരസ്‌ക്കാരങ്ങൾ വിലയിരുത്തൽ വിദഗ്ധരുടെയും ന്യൂസ്‌റൂം വിശാരദന്മാരുടേയും വായടപ്പിച്ചു. നാല് സുപ്രധാന പുരസ്‌കാരങ്ങളും പാരസൈറ്റിന് തന്നെ. മികച്ച ചിത്രം മികച്ച  അന്താരാഷ്ട്ര ചിത്രം (നേരത്തെ ഇത് വിദേശഭാഷാ ചിത്രം എന്നായിരുന്നു), മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നീ കാറ്റഗറികളൊക്കെ പാരസൈറ്റ് (സംവിധാനം- ബോംഗ് ജൂൻ ഹോ, തിരക്കഥ- ഹാ ജിൻ വൊൺ ) കയ്യടക്കി.

ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ റോഡ് നിരപ്പിലും താഴെയുള്ള ഒരു വീട്ടിൽ അരക്ഷിതരായി കഴിയുന്ന കി-ടേക്ക്, ഭാര്യ, മകൾ, മകൻ എന്നിവരുടെ കുടുംബമാണ് പാരസൈറ്റിലെ കേന്ദ്രം. ഫാസ്റ്റ് ഫുഡ് കമ്പനിയുടെ പിസയ്ക്ക് കവർ ഉണ്ടാക്കി നൽകി ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാത്ത അവസ്ഥ. സമ്പന്ന വ്യവസായി ഡോങ് ഇക്, ഭാര്യ, രണ്ട് കൊച്ചുകുട്ടികൾ എന്നിവരുടെ കുടുംബമാണ് സിനിമയുടെ മറ്റൊരു കേന്ദ്രം.

ഒട്ടേറെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടാരസദൃശ്യമായ ഡോങ് വീട്ടിലാണ് സിനിമ പുരോഗമിക്കുന്നത്. വളരെ വർഷങ്ങളായി സമ്പന്ന വ്യവസായിയുടെ കുടുംബത്തെ സേവിക്കുന്ന മൂൺ-ഗ്വാങ്ങ് എന്ന സ്ത്രീയും അവരെ ചൂഴ്ന്നു നിൽക്കുന്ന രഹസ്യവുമാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങളിൽ ഒന്ന്.

അതായത് മൂന്ന് കുടുംബങ്ങൾ; മൂന്ന് വ്യത്യസ്ത സാമ്പത്തിക വ്യവസ്ഥയെ പ്രതിനിധീകരിക്കുന്നവർ. സമ്പന്ന വർഗം, അവരെ ആശ്രയിക്കുന്ന സേവക വർഗം, റോസ് നിരപ്പിനും താഴേക്ക് ജീവിതം ഉറപ്പിച്ച ദരിദ്ര വർഗം. സിനിമ ഈ ദരിദ്ര വർഗത്തിന്റെ ആകുലതകളിലേക്കും, അവരുടെ ആവശ്യങ്ങളിലേക്കും ചേർന്ന് നിന്നാണ് പുരോഗമിക്കുന്നത്.

കഥയുടെ ചുരുക്കം

സമ്പന്ന വ്യവസായിയുടെ കുട്ടികളിൽ ഒരാൾക്ക് ട്യൂഷൻ എടുക്കുന്ന മിൻ എന്ന യുവാവ് തന്റെ സുഹൃത്തായ കി-വൂ-നെ തേടി എത്തുന്നു. കി-വൂ റോഡിന് താഴെ താമസിക്കുന്ന കുടുംബത്തിലെ കി-ടേക്കിന്റെ മകനാണ്. വിദേശത്തേക്ക് പോകുന്ന മിന്നിന് പകരം ട്യൂഷൻ മാസ്റ്ററാകാനുള്ള ഓഫർ കി-വൂന് നൽകാനാണ് എത്തിയത്. കി-വൂ തന്റെ പേര് കെവിൻ എന്ന് മാറ്റി വ്യവസായിയുടെ വീട്ടിലെത്തുന്നു.

ഒരു ബേസ്‌മെന്റ് കിടപ്പാടത്തിൽ നിന്നും കൊട്ടാരത്തിലെത്തിയ കി-വൂഅവിടത്തെ സാഹചര്യങ്ങളിൽ അന്ധാളിക്കുന്നു. അന്നന്നുള്ള ഭക്ഷണത്തിന് വഴിയില്ലാത്ത തങ്ങളുടെ കുടുംബവും ആഴ്ചകളോളം കഴിക്കാനുള്ള ഭക്ഷണം ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന വ്യവസായിയുടെ പാർക്ക് കുടുംബവും തമ്മിലുള്ള അന്തരത്തെ കുറിച്ചല്ല, ഈ സുഖം എങ്ങനെ അനുഭവിക്കാമെന്നുള്ള കുറുക്കു വഴികളെ കുറിച്ചാണ് കി-വൂ ചിന്തിച്ചത്. ഇളയ കുട്ടിയുടെ ആയയെ പുകച്ച് പുറത്ത് ചാടിച്ച കി-വൂ തന്റെ സഹോദരിയെ അവിടെ എത്തിക്കുന്നു. ഡ്രൈവറെ പുറത്താക്കി അച്ചൻ കി-ടേക്കിനെ പാർക്ക് കുടുംബത്തിലെത്തിച്ചു. ഒടുവിൽ ഏറെ വർഷങ്ങൾ ആ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന മൂൺ-ഗ്വാങ്ങിനേയും പുറത്താക്കി പകരം മാതാവിനെ എത്തിച്ചു. അതേസമയം, ഇവർ പരസ്പരം ബന്ധമുണ്ടെന്ന് വ്യവസായിയുടെ കുടുംബത്തിന് ഒരു തരത്തിലും മനസിലാകുന്നില്ല.

ആ രാത്രിയിൽ സംഭവിച്ചത്

ഒന്നിച്ച് സമയം ചിലവഴിക്കാൻ കഴിയാത്തവിധം തിരക്കുള്ള വ്യവസായി ഡോങ്-ഇക് കുടുംബത്തിന്റെ പരാതി തീർക്കാൻ ഒരു ചെറിയ യാത്ര പോയി. പരസ്പരം ബന്ധമില്ലാത്ത വിധം അഭിനയിച്ച് കഴിഞ്ഞുവന്ന കി-ടോക്ക് കുടുംബത്തിന് ഈ ദിവസങ്ങൾ വീണുകിട്ടിയ സുവർണാവസരമായി. സ്വർഗതുല്യമായി അവർ കരുതുന്ന വീട്ടിലെ സുഖസൗകര്യങ്ങൾ ആസ്വദിക്കാൻ അവർ അവിടെ തന്നെ ചെലവഴിച്ചു. വയറ് നിറയെ കഴിച്ച ഭക്ഷണം ഉണ്ടാക്കിയ ലഹരിക്ക് പുറമെ അൽപം ലഹരി പാനീയം കൂടിയായപ്പോൾ രാത്രി അവർ ആഘോഷമാക്കി. അതീവ സുരക്ഷയുള്ള വീടിന്റെ ചുമതലയും അവർക്കായിരുന്നു. ഈ രാത്രിയിൽ സുരക്ഷാ ക്യാമറയിലൂടെ അകത്തേക്ക് കടക്കാൻ അനുവാദം ചോദിച്ചെത്തിയ പഴയ കെയർടേക്കർ മൂൺ-ഗ്വാങ്ങിനെ അവർ അകത്തേക്ക് കടത്തി.

വച്ചുമറന്ന ചില സാധനങ്ങളെടുക്കാനാണ് വന്നതെന്നായിരുന്നു മൂൺ-ഗ്വാങ്ങ് അറിയിച്ചത്. സ്റ്റോർ റൂമിലേക്ക് പോയ മൂൺ-ഗ്വാങ്ങ് ഒരു അലമാര തള്ളി നീക്കാനുള്ള ശ്രത്തിനിടെ കി-ടേക്ക് കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടുന്നു. താഴേക്ക് തുറക്കുന്ന ഒരു വാതിലിനപ്പുറത്തേക്കുള്ള പടിക്കെട്ടുകൾ കഥാഗതിയെ ആകെ മാറ്റിമറിക്കുന്ന ഒന്നായി.

അരക്ഷിതമായ കൊറിയ

ഉത്തര കൊറിയയും ദക്ഷിണകൊറിയയും തമ്മിൽ ഏറെക്കാലമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് പ്രേക്ഷകൻ താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങേണ്ടത്. ദക്ഷിണകൊറിയയിൽ സമ്പന്നനും രാഷ്ട്രീയ നേതാക്കളും ഉത്തരകൊറിയയുടെ ആക്രമണത്തെ നേരിടാൻ പണ്ടു മുതൽക്കേ നിർമിക്കുന്ന ഭൂഗർഭ അറകളെ പിൻതലമുറ ഉപേക്ഷിച്ചിരിക്കുകയാണ്. അത്തരം ഉപേക്ഷിക്കപ്പെട്ട അറ പാർക്ക് കുടുംബത്തിലുമുണ്ട്.

മൂൺ ഗ്വാങ് ഭൂഗർഭ അറയിൽ വച്ചു മറന്നതെന്താണ് ? താഴേക്കിറങ്ങാനുള്ള ശ്രമത്തിനിടെ ആ വീടിന്റെ പലഭാഗത്തായി ഉണ്ടായിരുന്ന കുടുംബാംഗങ്ങളെ മുഴുവൻ അവർ കാണുന്നു. താഴെയുള്ള രഹസ്യമാണ് സിനിമയുടെ ഗതി തിരിക്കുന്നതെങ്കിലും സിനിമ പറയുന്ന രാഷ്ട്രീയം മുകളിലെ വർഗ വിവേചനത്തിന്റേത് തന്നെയാണ്.

വർഗ വിവേചനത്തിന്റെ മഴ

സിനിമയുടെ ഗതി നിയന്ത്രിക്കുന്ന ഒരു രാത്രിയിൽ ഒരു വലിയ മഴ പെയ്യുന്നുണ്ട്. വർഗ വിവേചനം വരച്ചിടുന്നതിൽ സംവിധായകൻ ആ മഴയെ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കി-ടേക്കിന്റെയും കിം-വൂവിന്റെയും ബേസ്‌മെന്റ് വീട് ആ രാത്രിയിൽ മലിനജലം കൊണ്ട് നിറയുന്നു. അതേസമയം, സമ്പന്നഗൃഹത്തിലെ അത്യാധുനിക സംവിധാനങ്ങൾ മഴയെ ആസ്വദിക്കാൻ കഴിയുംവിധം ക്രമീകരിച്ചിരിക്കുന്നു. സിനിമയുടെ തുടക്കത്തിൽ തന്നെ ബേസ്‌മെന്റ് വീടിന്റെ ഗതികേടുകൾ സംവിധായകൻ വരച്ചിടുന്നുണ്ട്. റോഡ്‌ കാണാൻ കഴിയും വിധമുള്ള ചെറിയ ഒരു ജനാല പാളിയിലൂടെ റോഡിൽ മൂത്രമൊഴിക്കുന്നവരെ കാണിക്കുന്നുണ്ട്. ആ പാളിതുറന്നു കിടന്നാൽ വാഹനങ്ങൾ ഉണ്ടാക്കുന്ന കറുത്ത പുക വീട്ടിലേക്ക് കടക്കുകയും ചെയ്യും. അതേ വിടവിലൂടെയാണ് റോഡിലെ വെള്ളം മുഴുവനും ആ മഴയിൽ വീടിനുള്ളിലേക്ക് അലച്ചെത്തുന്നത്. ക്ലോസറ്റിൽ നിന്നും ഉയരുന്ന മാലിന്യം വീടിനുള്ളിൽ പരന്നൊഴുകുന്നുണ്ട്.

ദക്ഷിണ കൊറിയയുടെ സമ്പന്നത എന്നത് കോർപറേറ്റ് വത്ക്കരണം ഉയർത്തിയ കുമിളയാണെന്ന രാഷ്ട്രീയം കൂടി സംവിധായകനും തിരക്കഥാകൃത്തുക്കളും സിനിമയിൽ പറയുന്നു. സേവകരുടെ വസ്ത്രത്തിൽ നിന്നുയരുന്ന ഗന്ധം വംശീയമായ ചില പേരുകൾ എന്നിങ്ങനെ സമ്പന്ന വർഗത്തിന് അസഹിഷ്ണുതയുണ്ടാക്കുന്ന സന്ദർഭങ്ങളേയും സിനിമയിൽ ചേർത്തിട്ടുണ്ട്.

ഓസ്‌കാറിന്റെ രാഷ്ട്രീയം

അമേരിക്കൻ സിനിമകളുടെ അവാർഡ് നിശയാണ് ഓസ്‌ക്കാർ. ‘വിദേശഭാഷാ ചിത്രമെന്ന പ്രോത്സാഹന സമ്മാനത്തിലൊതുങ്ങും ഓസ്‌ക്കാറിന്റെ ആഗോളത. ചിലപ്പോൾ ചില വർഷങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായി അല്ലാതെയും സംഭവിക്കും. ആ ചെറിയ പട്ടികയിലേക്കാണ് ഇപ്പോൾ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ് കയറി വന്നത്.

ഉത്തരകൊറിയയെ ‘പാരസൈറ്റ്’ അധികം ആക്രമിക്കുന്നില്ല. അതിലുമേറെ ദക്ഷിണകൊറിയയിലെ തന്നെ കോർപ്പറേറ്റുകളുടെയും സമ്പന്നരുടേയും ഇടപെടലുകളെയാണ് ചിത്രം തുറന്നെതിർക്കുന്നത്. എന്നിട്ടും ദക്ഷിണ കൊറിയയെ ഓസ്‌ക്കാർ പ്രോത്സാഹിപ്പിക്കുന്നതിലെ രാഷ്ട്രീയം എന്തെന്ന് നിരീക്ഷകരെ കുഴക്കുന്നുണ്ട്.

എന്തായാലും വിശപ്പിന്റെയും വർഗ വ്യത്യാസങ്ങളുടേയും പാരസൈറ്റ് ഒരു സിനിമ എന്ന നിലയിൽ അർഹമായ പരിഗണനയുടെ അങ്ങേയറ്റത്ത് നിൽക്കുന്നു.

Story Highlights – Parasite, Oscar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here