കാബൂളില്‍ ചാവേര്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സൈനിക അക്കാദമിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാല് സൈനികരും രണ്ട് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു.

പ്രാദേശിക സമയം രാവിലെ ഏഴ് മണിക്കാണ് മാര്‍ഷല്‍ ഫഹീം സൈനിക അക്കാദമിയുടെ പ്രവേശന കവാടത്തില്‍ ചാവേര്‍ ആക്രമണമുണ്ടായത്. വലിയ സ്ഫോടനത്തിന് ശേഷം വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി പറഞ്ഞു. ഇതിന് മുന്‍പും മാര്‍ഷല്‍ ഫഹീം സൈനിക അക്കാദമിയില്‍ പല തവണ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന ആക്രമണത്തില്‍ ഇവിടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ താലിബാനും അമേരിക്കയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ഇപ്പോഴത്തെ ആക്രമണം. സൈന്യത്തെ പിന്‍വലിക്കുന്നതിന് പകരം സുരക്ഷാ ഉറപ്പായിരുന്നു അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാബൂളില്‍ അവസാനമായി ആക്രമണം നടന്നത്. അന്ന് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Story Highlights- Six people killed, Afghanistan suicide bombings

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top