പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ട് ; സിബിഐ, എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

കേരളാ പൊലീസിനെതിരായ സിഎജിയുടെ റിപ്പോര്‍ട്ട് സിബഐ, എന്‍ഐഎ അന്വേഷിക്കണമെന്ന്  പ്രതിപക്ഷം. ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി വേണം അന്വേഷണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, പിടി തോമസ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ മറുപടിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പൊലീസിനെതിരെ പിടി തോമസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നൂറുശതമാനം ശരിയാണെന്ന് സിഎജി റിപ്പോര്‍ട്ടോടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണം. ആയുധങ്ങള്‍ നഷ്ടപ്പെട്ടത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ എന്‍ഐഎ അന്വേഷണവും വേണം. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാന ഉന്നതാധികാര സമിതിയുടെ അനുമതിയോടെയാണ് ഉപകരണങ്ങള്‍ വാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിസിടിവി വാങ്ങിയത് ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ്. എസ്എപി ക്യാമ്പില്‍ നിന്ന് റൈഫിളുകള്‍ നഷ്ടമായിട്ടില്ലെന്ന വിശദീകരണവുമായി പൊലീസും രംഗത്തെത്തി. വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണെന്നും എസ്എപി ഡെപ്യൂട്ടി കമാന്‍ഡര്‍ വിമല്‍ അറിയിച്ചു.

Story Highlights- CAG report, against police, Opposition wants CBI and NIA to probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top