കരാർ പുതുക്കിയില്ല; ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഓൺലൈനിൽ നിന്ന് അപ്രത്യക്ഷമായി

അസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഓൺലൈനിൽ നിന്ന് അപ്രത്യക്ഷമായി. പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെട്ടവരെയും സംബന്ധിച്ചുള്ള വിവരങ്ങളാണ് ഡിസംബർ മുതൽ ഓൺലൈനിൽ ലഭ്യമല്ലാത്തത്.

പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ സൂക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഐടി സ്ഥാപനമായ, വിപ്രോയുമായുള്ള കരാർ പുതുക്കാത്തതാണ് വിവരങ്ങൾ സൈറ്റിൽ ലഭ്യമാകാത്തതിനു കാരണമെന്നും ഏതാനും ദിവസത്തിനുള്ളിൽ ഇത് തിരികെ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഡാറ്റ സൂക്ഷിക്കുന്നതിനായി വിപ്രോയുമായുണ്ടാക്കിയ കരാർ 2019 ഒക്ടോബറിൽ അവസാനിച്ചു. എന്നാൽ, സൈറ്റിൽ നിന്നും അപ്രത്യക്ഷമായ വിവരങ്ങളിൽ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 19 ലക്ഷം അപേക്ഷകരുടെ വിവരങ്ങളും ഉൾപ്പെടും.

അതേസമയം, സുപ്രിംകോടതി ഉത്തരവ് പ്രകാരം എൻആർസി സംസ്ഥാന കോ-ഓഡിനേറ്റർ പ്രതീക് ഹാജേലയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയതാണ് കരാർ പുതുക്കാൻ കഴിയാതെ പോയതിനു കരണമെന്ന് എൻആർസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, വിവരങ്ങൾ അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസും വിഷയം പരിശോധിക്കണമെന്ന് അസാം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയയും എൻആർസി അധികൃതർക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചു.

Story highlight: NRC, information disappears online

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top