ലമിച്ഛാനെയുടെ റെക്കോർഡ് ബൗളിംഗ് പ്രകടനം; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് യുഎസ്എ ഓൾ ഔട്ട്

ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിലെ നേപ്പാളിനെതിരായ ഏകദിന മത്സരത്തിൽ യുഎസ്എക്ക് നാണം കെട്ട റെക്കോർഡ്. മത്സരത്തിൽ 35 റൺസിനാണ് യുഎസ്എ ഓൾ ഔട്ടായത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്. 2004ൽ സിംബാബ്‌വെയും 35 റൺസിന് ഓൾഔട്ടായിരുന്നു. നിലവിൽ ഈ റെക്കോർഡ് ഇരു ടീമുകളും പങ്കിടുകയാണ്.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത നേപ്പാൾ യുഎസ്എയെ 12 ഓവറുകൾക്കുള്ളിൽ കെട്ടുകെട്ടിച്ചു. സ്പിന്നർ സന്ദീപ് ലമിച്ഛാനെയുടെ റെക്കോർഡ് ബൗളിംഗ് പ്രകടനമാണ് യുഎസ്എയെ തകർത്തത്. ആറ് ഓവറുകൾ പന്തെറിഞ്ഞ ലമിച്ഛാനെ 16 റൺസ് വഴങ്ങി 6 വിക്കറ്റെടുത്തു. 3 ഓവറിൽ അഞ്ച് റൺസ് വഴങ്ങിയ സുഷാൻ ഭാരി ബാക്കിയുള്ള 4 വിക്കറ്റുകളും സ്വന്തമാക്കി. 16 റൺസെടുത്ത സാവിയൻ മാർഷൽ മാത്രമാണ് യുഎസ് നിരയിൽ ഇരട്ടയക്കം കുറിച്ചത്. മൂന്നു പേർ പൂജ്യത്തിനു പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാൾ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കണ്ടു. പരസ് ഖഡ്ക (20), ദിപേന്ദ്ര സിംഗ് (15) എന്നിവർ പുറത്താവാതെ നിന്നു.
2004ൽ ശ്രീലങ്കക്കെതിരെയായിരുന്നു സിംബാബ്‌വെ 35 റൺസിന് ഓൾ ഔട്ടായത്. 2003ൽ 36 റൺസ് നേടിയ കാനഡയാണ് രണ്ടാമത്. ശ്രീലങ്ക തന്നെയായിരുന്നു കാനഡയെയും പുറത്താക്കിയത്.
Story Highlights: Sandeep Lamichhane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here