സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നു; ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ട് തൊഴിൽ വകുപ്പിന്റെ ഉത്തരവ്

സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ലേബർ കമ്മീഷണർ പ്രണബ്ജ്യോതി നാഥ് പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ നിർബന്ധിത വിശ്രമവേള ഉറപ്പുവരുത്താനാണ് നിർദേശം.
സംസ്ഥാനം കടുത്ത ചൂടിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ട് തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്. ഇന്നു മുതൽ ഏപ്രിൽ 30 വരെയാണ് സമയക്രമീകരണം ബാധകമാവുക. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് തൊഴിൽ സമയം പുനഃക്രമീകരിച്ചത്.
പകൽ സമയത്തെ ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഉയർന്ന താപനില 37.5 ഡിഗ്രി സെൽഷ്യസാണ്. കോട്ടയത്താണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എന്നിവർ ലേബർ കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശച്ചിട്ടുണ്ട്. നിർജലീകരണം തടയാനാവശ്യമായ മുൻകരുതൽ നിർദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ പുറത്തിറക്കിയിരുന്നു. ഇത്തവണ ദിനാന്തരീക്ഷ താപനില സർവകാല റെക്കോർഡ് ഭേദിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ വിലയിരുത്തൽ.
Story highlight: Department of Labor, reorganizing working hours, Temperatures rise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here