ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് യുവരാജും അഫ്രീദിയും

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് മുൻ താരങ്ങളായ യുവരാജ് സിംഗും ഷാഹിദ് അഫ്രീദിയും. സ്പോർട്സ് 360നു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ മുൻ താരമായ യുവരാജും പാക് മുൻ താരം അഫ്രീദിയും വിഷയത്തിൽ പ്രതികരിച്ചത്. മത്സരങ്ങൾ നടത്തിയാൽ അത് ആഷസിനെക്കാൾ വലിയ പോരാട്ടം ആകുമെന്നും അവർ പറഞ്ഞു.

“2004, 2006, 2008 വർഷങ്ങളിൽ പാകിസ്താനെതിരെ കളിച്ചത് ഞാൻ ഓർക്കുന്നുണ്ട്. ഇതൊന്നും നമ്മുടെ കയ്യിലല്ല. ആ ഗെയിമിനോടുള്ള ഇഷ്ടം കൊണ്ടാണ് നമ്മൾ ക്രിക്കറ്റ് കളിക്കുന്നത്. ഏത് രാജ്യത്തിനെതിരെ കളിക്കണം എന്ന് നമുക്ക് തീരുമാനിക്കാനാവില്ല. പക്ഷേ, എത്രത്തോളം അധികം ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുണ്ടോ, അത് ആ ഗെയിമിന് അത്ര മാത്രം നല്ലതാണ്. “- യുവരാജ് പറഞ്ഞു.

“എനിക്ക് തോന്നുന്നത്, ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു പരമ്പര കളിച്ചാൽ, അത് ആഷസിനെക്കാൾ വലുതായിരിക്കും എന്നാണ്. എന്തായാലും അത് നമുക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല. ഈ ഗെയിമിനുള്ളിൽ നമ്മൾ രാഷ്ട്രീയം തിരുകിക്കയറ്റുകയാണ്. ഇന്ത്യയും പാകിസ്താനും വിഷയത്തിൽ ചർച്ച നടത്തേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.” അഫ്രീദി പറഞ്ഞു.

2012-13 സീസണിൽ പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇതുവരെ ഇന്ത്യ-പാക് മത്സരങ്ങൾ നടന്നിട്ടില്ല. തുടർന്ന് ഐസിസി, എസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത് 2007-2008 സീസണിൽ ആയിരുന്നു. 2008ലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം.

അതേ സമയം, ഈ വർഷം പാകിസ്താനിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന ബിസിസിഐ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയെന്നു സൂചനയുണ്ട്. സെപ്തംബറിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. 2018 ഏഷ്യ കപ്പിൽ ഇന്ത്യയായിരുന്നു ചാമ്പ്യൻ പട്ടം ചൂടിയത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

Story Highlights: Yuvraj Singh, Shahid Afridi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top