മുത്തൂറ്റ് ജീവനക്കാരെ മർദിച്ച സംഭവം; തൊഴിൽ പ്രശ്‌നം പരിഹരിക്കേണ്ടത് ആക്രമണം നടത്തിയിട്ടല്ലെന്ന് ഹൈക്കോടതി

ജോലിക്കെത്തിയ മുത്തൂറ്റ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ സിഐടിയുവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സിഐടിയു തൊഴിലാളി സംഘടന പോലെ അല്ല പെരുമാറുന്നതെന്ന് കോടതി പറഞ്ഞു.
തൊഴിൽ പ്രശ്‌നം പരിഹരിക്കേണ്ടത് ആക്രമണം നടത്തിയിട്ടല്ല. സിഐടിയു പോലൊരു തൊഴിലാളി സംഘടനയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലല്ല പ്രതികരണം ഉണ്ടാകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ സിഐടിയു അക്രമ സംഭവങ്ങളെ അപലപിക്കുന്നുവെന്ന് അറിയിച്ചു. ജീവനക്കാരെ അക്രമിച്ച കുറ്റക്കാരെ സംരക്ഷിക്കില്ല. തൊഴിൽ തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ചയുമായി കോടതി മുന്നോട്ട് പോകണമെന്നും സംഘടന കോടതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇടുക്കി, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ മുത്തൂറ്റ് ജീവനക്കാർക്ക് നേരെ സിഐടിയു പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ഹൈക്കോടതി തന്നെ രംഗത്തെത്തിയത്. വിഷയത്തിൽ മധ്യസ്ഥ ചർച്ച ഒരാഴ്ചത്തേക്ക് നീട്ടിവെയ്ക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് അറിയിപ്പ് കിട്ടിയതിന് ശേഷം മതി ചർച്ചയെന്നും കോടതി വ്യക്തമാക്കി.
muthoot finance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here