Advertisement

‘ഞങ്ങൾ വൈവിധ്യമാണ്, ഞങ്ങൾ റേഡിയോയാണ്’; ഇന്ന് ലോക റേഡിയോ ദിനം

February 13, 2020
Google News 2 minutes Read

ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. ‘we are diversity, we are radio’ എന്നതാണ് ഇക്കുറി യുനെസ്‌കോ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.

1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി. 1957 ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി.

ആകാശവാണി

മൈസൂർ നാട്ടുരാജ്യത്തിലെ സംപ്രേഷണ വകുപ്പിന്റെ സംഭാവനയാണ് ആകാശവാണി എന്ന പേര്. രവീന്ദ്രനാഥ ടാഗോറാണ് ആകാശവാണി എന്ന പേര് നിർദേശിച്ചത്. 1977ൽ മദ്രാസിൽ നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്എം സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. 1957 ആഗസറ്റ് 15-നാണ് തിരുവനന്തപുരം നിലയത്തിൽ നിന്നും ആദ്യമായി മലയാള വാർത്ത പ്രക്ഷേപണം ചെയ്ത് തുടങ്ങിയത്. വി ബാലറാം ആയിരുന്നു ആദ്യത്തെ വാർത്താ വായനക്കാർ.

നിലവിൽ നമ്മുടെ സ്വന്തം ആകാശവാണിയ്ക്ക് മാത്രം 414 പ്രക്ഷേപണ നിലയങ്ങളുണ്ട്. 24 ഭാഷകളിലും 146 ഭാഷാഭേദങ്ങളിലുമായി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്നാണ് ഓൾ ഇന്ത്യാ റേഡിയോ. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ, കൊച്ചി, ദേവികുളം, മഞ്ചേരി എന്നിവിടങ്ങളിൽ ആകാശവാണിക്ക് നിലയങ്ങളുണ്ട്.  നവമാധ്യമങ്ങളുടെ പുതിയ കാലത്തും റേഡിയോ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

റേഡിയോ എന്ന പാട്ട് പെട്ടി

ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഗൂഗ്ലിയെൽമോ മാർക്കോണിയാണ് 1859 പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉൾപ്പെടെ മറ്റ് പല പ്രമുഖശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാൾവഴിയിൽ മുഖ്യസംഭാവനകൾ നൽകിയിട്ടുണ്ട്.

ആദ്യകാലത്ത് വൻപ്രചാരത്തിലുണ്ടായിരുന്നത് ക്രിസ്റ്റൽ റേഡിയോ ആയിരുന്നു. അത് പ്രവർത്തിക്കാൻ വൈദ്യുതിയോ ബാറ്ററിയോ വേണ്ടിയിരുന്നില്ല. പിന്നീടാണ് ട്രാൻസിസ്റ്റർ റേഡിയോകൾ വന്നത്. വ്യക്തികൾക്ക് സ്വന്തമായി റേഡിയോ പ്രക്ഷേപണം നടത്താനുളള അമെച്വർ റേഡിയോ എന്നറിയപ്പെടുന്ന ഹാം റേഡിയോയും പിന്നീട് വന്നു.

വേണ്ടത്ര വൈവിധ്യങ്ങളായ പരിപാടികൾ ജനകീയമായ റേഡിയോ പ്രതിഫലിപ്പിക്കുന്നില്ലെന്ന ആരോപണം ഇപ്പോഴും ഒരു വിഭാഗത്തിനിടയിൽ നിലനിൽക്കുന്നുണ്ട്. ഇത് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ്  we are diversity, we are radio എന്ന മുദ്രാവാക്യം യുനെസ്‌കോ ഇക്കുറി മുന്നോട്ട് വയ്ക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here