അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു

അതിരപ്പിള്ളി കണ്ണൻകുഴിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻകുഴി താളത്ത് വീട്ടിൽ ചാത്തകുട്ടിയുടെ മകൻ പ്രദീപ് (39) ആണ് വെട്ടേറ്റ് മരിച്ചത്. ജലനിധി പമ്പ് ഹൗസ് ഓപ്പറേറ്ററായിരുന്നു പ്രദീപ്. പുലർച്ചെ ഒരു മണിക്ക് ജോലി കഴിഞ്ഞ് മടങ്ങവേ ആയിരുന്നു ആക്രമണം.

കൊലയ്ക്ക് പിന്നിൽ പ്രദേശവാസിയായ ഗിരീഷ് ആണ്. ഇയാൾ രക്ഷപ്പെട്ടു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. കണ്ണൻകുഴി പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെ കെഎസ്ഇബി ഓഫീസിന് മുൻപിൽ വച്ചാണ് പ്രദീപിനെ ബൈക്കിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.

പ്രദീപിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ എസ്പി കെപി വിജയകുമാരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top