കൊല്ലത്ത് പൊലീസുകാർക്ക് നേരേ ഗുണ്ടാവിളയാട്ടം; വടിവാൾ വീശി വെട്ടി പരുക്കേൽപ്പിച്ചു

കൊല്ലം ഉമയനല്ലൂരിൽ പട്ടാപ്പകൽ പൊലീസുകാർക്ക് നേരേ ഗുണ്ടാവിളയാട്ടം. പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് വെട്ടേറ്റു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിന് നേരേയാണ് ആക്രമണമുണ്ടായത്.

വീടുകയറി ആക്രമണം നടത്തിയ കേസിൽ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം ഉമയനല്ലൂർ പള്ളിക്ക് സമീപം എത്തി പ്രതികളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്യാനായി ശ്രമിക്കവെയാണ് പൊലീസിനുനേരെ ഇയാൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വടിവാൾ ചുഴറ്റിയപ്പോഴായിരുന്നു പൊലീസുകാരന് വെട്ടേറ്റത്. പിന്നാലെ ഇയാൾ പൊലീസിന് നേരേ മരക്കഷ്ണം വലിച്ചെറിയുകയും ചെയ്തു.

ഉമയനല്ലൂർ കുടിയിരുത്തുവയൽ സ്വദേശി റഫീഖാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ സമീപത്തെ ഉമയനല്ലൂർ കനാലിനകത്തേക്ക് കയറി ഒളിച്ചു. പൊലീസുകാർ ഏറെ പണിപ്പെട്ടിട്ടും ഇയാളെ പുറത്തെത്തിക്കാനായില്ല. പിന്നീട് കൂടുതൽ പൊലീസ് സൈന്യവും ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ എഎസ്‌ഐ ബിജുവിന്റെ നില ഗുരുതരമല്ല.

Story Highlights- Goonda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top