കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണം. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശം നൽകി.

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, ഉത്തരവ് വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്‌സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പള്ളിഭരണം എത്രയും വേഗം സർക്കാർ ഏറ്റെടുക്കണമെന്നും അല്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

കോടതി ഉത്തരവ് പാലിക്കാത്ത സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു. പള്ളിയും സ്വത്തും ജില്ലാ കളക്ടർ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രിംകോടതി ഉത്തരവിൽ ഇല്ലാത്തതിനാൽ സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സർക്കാർ വാദം. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാരും യാക്കോബായ വിഭാഗവും സമർപ്പിച്ച റിവ്യു ഹർജി ദിവസങ്ങൾക്കു മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു.

Story highlight: Kothamangalam church dispute, highcourt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top