പരിശീലന മത്സരം: ഷായും ഗില്ലും ഉൾപ്പെടെ സകലരും നിരാശപ്പെടുത്തി; ടെസ്റ്റ് പരമ്പര കഠിനമാവും

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 263 റൺസിനു പുറത്ത്. ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. മൂന്ന് താരങ്ങൾ മാത്രമാണ് ഇന്ത്യൻ നിരയിൽ ഇരട്ടയക്കം കടന്നത്. 101 റൺസെടുത്ത ഹനുമ വിവാരി ഇന്ത്യയുടെ ടോപ്പ് സ്കോററായി. ന്യൂസിലൻഡ് ഇലവനു വേണ്ടി സ്കോട്ട് കുഗ്ഗൾജിനും ഇഷ് സോധിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

ടെസ്റ്റ് പരമ്പരയിൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പൃഥ്വി ഷായും ശുഭ്മൻ ഗില്ലും തിളങ്ങിയില്ല എന്നതാണ് ഏറെ തലവേദന. ഓപ്പണിംഗിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള മായങ്ക് അഗർവാളും വേഗം പുറത്തായി. പൃഥ്വി ഷായും ശുഭ്മൻ ഗില്ലും റണ്ണെടുക്കാതെ പുറത്തായപ്പോൾ അഗർവാളിൻ്റെ സമ്പാദ്യം ഒരു റൺ മാത്രമാണ്. ന്യൂസിലൻഡ് ഏകദിന പരമ്പരയിലും ന്യൂസിലൻഡ് എക്കെതിരായ പരമ്പരയിലും അഗർവാൾ മോശം ഫോമിലായിരുന്നു. ഇത് ഇന്ത്യക്ക് കടുത്ത തലവേദന സൃഷ്ടിക്കും. പൃഥ്വി ഷായും നല്ല ഫോമിലല്ല. ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ 40 ആണ് ഷായുടെ ഉയർന്ന സ്കോർ. ന്യൂസിലൻഡ് എക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനങ്ങൾ നടത്തിയ ഗില്ലാണ് ഒരു ആശ്വാസം. ഈ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും അഗർവാളിനൊപ്പം ഗിൽ ഓപ്പൺ ചെയ്തേക്കും.

ഋഷഭ് പന്ത് (7), വൃദ്ധിമാൻ സാഹ (0) എന്നീ ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പർമാർക്കും മികച്ച പ്രകടനം നടത്താനായില്ല. സാഹയെ മറികടന്ന് ഫൈനൽ ഇലവനിൽ എത്താനുള്ള അവസാന അവസരം പന്ത് കളഞ്ഞു കുളിച്ചതു കൊണ്ട് തന്നെ സാഹയുടെ ഈ പ്രകടനം ടെസ്റ്റ് പരമ്പരയിൽ പ്രതിഫലിക്കാൻ സാധ്യതയില്ല. പന്ത് തന്നെ പുറത്തിരിക്കും.

ഹനുമ വിഹാരിക്കൊപ്പം ചേതേശ്വർ പൂജാരയും (93) മത്സരത്തിൽ മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു. അത് ഇന്ത്യക്ക് ഊർജ്ജമാവും. അജിങ്ക്യ രഹാനെ (18), ഉമേഷ് യാദവ് (9*), രവീന്ദ്ര ജഡേജ (8), രവിചന്ദ്രൻ അശ്വിൻ (0) എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ.

Story Highlights: New Zealand, Shubhman Gill, Prithvi Shaw

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top