പാലാരിവട്ടം മേൽപാലം അഴിമതി; ടിഒ സൂരജിന്റെ മൊഴി അസംബന്ധമെന്ന് മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള വിജിലൻസ് ഓഫീസിൽ മൂന്നു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് തനിക്കെതിരേ നൽകിയ മൊഴി അസംബന്ധമാണെന്ന് ചോദ്യം ചെയ്യലിനിടിയിൽ ഇബ്രാഹിം കുഞ്ഞ് വിജിലൻസിനോടു പറഞ്ഞു. ഇബ്രാഹിം കുഞ്ഞിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൻ ആർഡിഎസ് കമ്പനിക്ക് മുൻകൂറായി പണം നൽകിയതെന്നായിരുന്നു സൂരജ് വിജിലൻസിനോട് പറഞ്ഞിരുന്നത്. എന്നാൽ, ഇത് അസംബന്ധമാണെന്നും ടിഒ സൂരജ് പറയുന്നത് വിശ്വാസ്യയോഗ്യമായ കാര്യമല്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് വിജിലൻസിനോട് പറഞ്ഞത്.

ബന്ധപ്പെട്ട ഫയലുകളിൽ എല്ലാ ഉദ്യോഗസ്ഥരും അർഡിഎസ് കമ്പനിക്ക് മുൻകൂറായി പണം നൽകാമെന്ന് എഴുതിയിരുന്നുവെന്നും ഇതിന്റെ തുടർച്ചയായാണ് താനും പണം നൽകുന്നതിൽ എതിർപ്പില്ലെന്ന് രേഖപ്പെടുത്തിയതെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം. തന്നോട് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയതായി ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തിറങ്ങിയ ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് പാലാരിവട്ടം പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. ആദ്യത്തെ തവണ അദ്ദേഹത്തിൽ നിന്നും വ്യക്തമായ മറുപടികൾ വിജിലൻസിന് ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് തങ്ങൾക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായി ചോദ്യവലി തയ്യാറാക്കി വിജിലൻസ് സംഘം ഇബ്രാംഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആവശ്യമെങ്കിൽ വീണ്ടും മുൻ പൊതുമരാമത്ത് മന്ത്രിയെ ചോദ്യം ചെയ്യുമെന്നും വിജിലൻസ് അറിയിച്ചിട്ടുണ്ട്.

Story highlight: VK ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top