മാസങ്ങളായി ശമ്പളമില്ലാതെ കൊല്ലം ജില്ലയിലെ നെയ്ത്ത് തൊഴിലാളികള്‍

മാസങ്ങളായി ശമ്പളമില്ലാതെ ജോലിചെയ്യുകയാണ് കൊല്ലം ജില്ലയിലെ ഏക ആദിവാസി കൈത്തറി നെയ്ത്തു കേന്ദ്രത്തിലെ തൊഴിലാളികള്‍. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തത് മൂലം നെയ്ത്ത് കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തില്‍ കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്ത് കേന്ദ്രമാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.
1992 ല്‍ അന്നത്തെ പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംഘമാണിത്. ആദിവാസി മേഖലയുടെ ഉന്നമനത്തിനു വേണ്ടിയാണ് കുളത്തുപ്പുഴ കേന്ദ്രമാക്കി ആദിവാസി കൈത്തറി നെയ്ത്ത് കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുപ്പതോളം വരുന്ന ആദിവാസി തൊഴിലാളികള്‍ ഉണ്ടായിരുന്ന കേന്ദ്രത്തില്‍ ഇപ്പോഴുള്ളത് പത്തില്‍ താഴെ മാത്രം തൊഴിലാളികളാണ്.
കൃത്യമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഭൂരിഭാഗം തൊഴിലാളികളും ജോലി നിര്‍ത്തി പോയത്. കഴിഞ്ഞ ഓണത്തിനാണ് ഇവിടെ നിന്നും തൊഴിലാളികള്‍ക്ക് അവസാനമായി ശമ്പളം ലഭിച്ചത്. മാസങ്ങളായി ശമ്പളമില്ലാതെ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വരെ ജോലി ചെയ്യേണ്ട സാഹചര്യത്തിലാണ് ഇവിടെയുള്ള തൊഴിലാളികള്‍ ഉള്ളത്. രോഗം വന്നാല്‍ ആശുപത്രിയില്‍ പോയി മരുന്നു വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പോലും തങ്ങള്‍ക്ക് ഇല്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
നെയ്ത്ത് കേന്ദ്രത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥലം പോലുമില്ലെന്നും തൊഴിലാളികളുടെ പരാതിയുണ്ട്. ഒരു വര്‍ഷം മുമ്പ് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ നെയ്ത്ത് കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അതും നടപ്പിലായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here