വോട്ടര്‍ പട്ടിക വിവാദം: ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക വിവാദം സുപ്രിംകോടതിയിലേക്ക്. തെരഞ്ഞെടുപ്പിന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിക്കും.

ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാകും അപ്പീല്‍ നല്‍കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വൈകിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് കമ്മീഷന്റെ തീരുമാനമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, കമ്മീഷന്‍ നിലപാടിനൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അടുത്തയാഴ്ച ആദ്യം അപ്പീല്‍ സമര്‍പ്പിക്കാനാണ് കമ്മീഷന്‍ തീരുമാനം. അധിക സാമ്പത്തിക ഭാരം, സമയക്കുറവ്, സാങ്കേതിക ബുദ്ധിമുട്ടുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാകും അപ്പീല്‍.

വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയ്ക്കു പകരം 2019 ലെ ബൂത്ത് അടിസ്ഥാന പട്ടിക ഉപയോഗിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടാണ്. പതിനഞ്ചരലക്ഷം പേര്‍ പുതിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഏതു പട്ടിക ഉപയോഗിച്ചാലും തെരഞ്ഞെടുപ്പ് വൈകില്ലെന്നും കമ്മീഷന്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നു ആരോപിക്കുന്ന പ്രതിപക്ഷം സുപ്രിംകോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരുമെന്നറിയിച്ചു. വാര്‍ഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലുടന്‍ അതിനുള്ള നടപടികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങും.

Story Highlights: voter list,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top