കൊറോണ: സംസ്ഥാനത്ത് 2276 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 2276 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. കൊറോണ ബാധ സ്ഥിരീകരിച്ചവരിൽ ഇനി ആശുപത്രി വിടാനുള്ളത് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യാർത്ഥി മാത്രമാണ്. ഡൽഹിയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 115 മലയാളികൾക്ക് ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലേക്ക് പുറപ്പെടാൻ കേന്ദ്ര ആരോഗ്യ വകുപ്പ് അനുവാദം നൽകിയിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് തീരുമാനം.
ചൈനയില്‍ നിന്നും തിരിച്ചെത്തിച്ച്, ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയുന്ന 115 മലയാളികളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതല്‍ കേരളത്തിലേക്ക് മടങ്ങുന്നതിന്
ആരോഗ്യമന്ത്രാലയം അവർക്ക് അനുവാദം നൽകി. കേരളത്തില്‍ തിരിച്ചെത്തിയാലും 28 ദിവസം വീടുകളില്‍ ഐസോലേഷനില്‍ കഴിയണമെന്നും അവർക്ക് നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് 2262 പേര്‍ വീടുകളിലും, 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 42 പേരെ കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ച 418 സാമ്പിളുകള്‍ 405 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കി ഫലം ലഭിക്കാനുണ്ട്. കൊറോണ സ്ഥിരീകരിച്ചവരിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി മാത്രമാണ് ഇനി ആശുപത്രി വിടാനുള്ളത്. ഈ വിദ്യാർത്ഥിയുടെ തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുകയാണ്.
ഈ വിദ്യാർത്ഥിയുടേതടക്കം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ആരുടെയും ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൊറോണ ഭീതി അകലുകയാണെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.
Story Highlights: Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here