Advertisement

പൊതുവഴിയിൽ വിസർജനം നടത്തി; ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി

February 16, 2020
Google News 1 minute Read

പൊതുവഴിയിൽ വിസർജനം നടത്തിയ 24 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോൾ പമ്പിനടുത്താണ് ആർ ശക്തിവേൽ എന്ന യുവാവിനെതിരെ ക്രൂരമർദനം ഉണ്ടാകുന്നത്.

വിഴുപുരത്ത് ശക്തമായ പ്രതിനിധ്യമുള്ള ദളിത് വിഭാഗത്തിനെതിരെ വിദ്വേഷം വച്ചുപുലർത്തുന്ന വണ്ണിയാർ എന്ന വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ. പട്ടികജാതി ആദിദ്രാവിഡ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് ശക്തിവേൽ. ദളിതായതുകൊണ്ട് മാത്രമാണ് ശക്തിവേലിന് ക്രൂരമർദനത്തിനിരയാകേണ്ടി വന്നതെന്ന് ശക്തിവേലിന്റെ സഹോദരി തൈവണൈ സണ്ടേ എക്‌സ്പ്രസിനോട് പറഞ്ഞു.

ചൊവ്വാഴ്ച പെട്രോൾ പമ്പിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച വെളുപ്പിന് വീട്ടിലെത്തിയതാണ് ശക്തിവേൽ. ആ സമയത്ത് എന്തോ വേരിഫിക്കേഷനായി ആധാർ കാർഡും ഫോട്ടോയുമായി ശക്തിവേലിനോട് പെട്രോൾ പമ്പിലെത്താൻ സഹപ്രവർത്തകർ വിളിച്ചറിയിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.30 ഓടെ ശക്തിവേൽ വീട്ടിൽ നിന്നിറങ്ങി.

Read Also : വാലന്റൈൻസ് ദിനത്തിൽ കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

വീട്ടിൽ നിന്നിറങ്ങുമ്പോൾ ശക്തിവേലിന്റെ ബൈക്കിൽ വളരെ കുറച്ച് പെട്രോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വഴി മധ്യേ പെട്രോൾ തീർന്ന ശക്തിവേൽ 27 കിമി അകലെയുള്ള പമ്പ് ലക്ഷ്യംവച്ച് ബൈക്ക് തള്ളി. അൽപ്പ സമയം കഴിഞ്ഞ് വയറിന് കഠിനമായ വേദനയനുഭവപ്പെടുകയും വഴിയരികിൽ വിസർജനം നടത്താൻ ശ്രമിക്കുകയുമായിരുന്നു.

അൽപ്പസയമം കഴിഞ്ഞ് ശക്തിവേലിനെ സഹോദരി ഫോണിൽ വിളിച്ചപ്പോഴാണ് ശക്തിവേലിനെ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന വിവരം തൈവണൈ അറിയുന്നത്. ഫോണിന്റെ മറുതലയ്ക്കൽ നിന്ന് തൈവണൈയോട് ബൂതൂർ ഹിൽസിൽ പെട്ടെന്ന് എത്തിച്ചേരാനും ആവശ്യപ്പെട്ടു. ആറ് മാസമായ കുഞ്ഞുമായി തൈവണൈ സ്ഥലത്തെത്തുമ്പോൾ ശക്തിവേൽ അവശനിലയിലായിരുന്നു. അക്രമകാരികൾ തൈവണൈയേയും മർദിച്ചു. ഇതിനിടെ കൈയ്യിലിരുന്ന ആറ് മാസം മാത്രം പ്രായമായ കുഞ്ഞ് നിലത്ത് വീണു. ഇതോടെ സഹോദരിയോട് കുഞ്ഞുമായി പോകാൻ ശക്തിവേൽ ആംഗ്യം കാണിച്ചു.

ഗ്രാമത്തിലുള്ള മറ്റൊരു വ്യക്തിക്കൊപ്പമാണ് തലൈവണൈ ശക്തിവേലിനടുത്ത് എത്തിയത്. അദ്ദേഹത്തിന്റെ സഹായത്തോടെ ശക്തിവേലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ ശക്തിവേൽ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Highlights- Lynching

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here